ന്യൂഡൽഹി: കുട്ടികൾക്ക് കൊവിഡ് വാക്‌സീൻ നൽകുന്നത് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്രആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. രണ്ട് പുതിയ വാക്‌സീനുകൾക്കുളള അനുമതി പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് വിവിധ വാക്സിനുകളുടെ പരീക്ഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും മൂന്നാംതരംഗം മുന്നിൽകണ്ട് കൊണ്ടുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ ഉടൻ തന്നെ ആരംഭിക്കുമെന്നും ഇതിനു വേണ്ടിയുള്ള മാർഗരേഖ ഉടനെ പുറത്തിറക്കുമെന്നും രാജ്യസഭയിൽ പ്രതിപക്ഷ കക്ഷികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു. ഇതിനോടനുബന്ധിച്ചുള്ള പരീക്ഷണങ്ങൾ പൂർത്തിയാക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇതിനോടകം 131 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ രാജ്യം സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി. രണ്ട് പുതിയ വാക്സിനുകൾക്ക് കൂടി അടിയന്തര ഉപയോഗത്തിന് ഉടൻ അനുമതി നൽകുമെന്നും ഇതിനോടകം തന്നെ വാക്സിൻ എടുക്കാൻ യോഗ്യരായവരിൽ 88 ശതമാനം പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകികഴിഞ്ഞെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനങ്ങളിൽ ആവശ്യത്തിന് മരുന്നുകളും വെന്റിലേറ്ററുകളും ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും വരുന്ന രണ്ട് മാസത്തിനുള്ളിൽ രാജ്യത്ത് വാക്സിൻ ഉത്പാദനം വലിയ തോതിൽ വർദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി രാജ്യസഭയിൽ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here