ഡാലസ്∙ അന്ധകാരം തളംകെട്ടി കിടന്നിരുന്ന ജീവിതപന്ഥാവിൽ ഒരടിപോലും മുമ്പോട്ടു പോകാൻ കഴിയാതെ തടഞ്ഞിരുന്ന ലോക ജനതക്ക് പ്രകാശമായി മാറുന്നതിനും ശരിയായ ദിശ ഏതെന്നു കാണിച്ചുകൊടുക്കുന്നതിനും പിതാവായ ദൈവം ലോകത്തിനു നൽകിയ വിലമതിക്കാനാകാത്ത സമ്മാനമാണു മിശിഹായായ യേശുക്രിസ്തുവെന്നു നോർത്ത് അമേരിക്ക– യൂറോപ്പ് മാർത്തോമ ഭദ്രാസനാധിപൻ റൈറ്റ് റവ.ഡോ.ഐസക്ക് മാർ ഫിലിക്സിനോസ് പറഞ്ഞു.

ഡിസംബർ 24 വെള്ളിയാഴ്ച വൈകിട്ട് ഡാലസ് സെന്റ്.പോൾസ് മാർത്തോമ ചർച്ച് ക്രിസ്സ്മസ് കരോൾ പരിപാടിയിൽ സന്ദേശം നൽകുകയായിരുന്നു തിരുമേനി.

നമ്മുടെ ജീവിതപാതയിൽ തന്റെ രക്ഷയുടെ സന്തോഷ കിരണങ്ങൾ വിതറുന്നതിനായി 2000 വർഷങ്ങൾക്കു മുൻപ് സാക്ഷാൽ വെളിച്ചമായ യേശു ഈ പാപലോകത്തെ സന്ദർശിച്ച മഹാസംഭവത്തെ കുറിച്ച് ഈ ക്രിസ്മസ് ദിനത്തിൽ ഓർത്ത് നമുക്ക് സന്തോഷിക്കാം. അനുതാപത്തോടും വിനയത്തോടും ഭക്ത്യാദരവോടും കൂടെ യേശുനാഥന്റെ മുമ്പിൽ വണങ്ങുന്നവർക്ക് അവനെ രക്ഷകനും കർത്താവുമായി അംഗീകരിക്കുന്നവർക്ക് ഭൗമികമായ അന്ധകാരത്തെ എന്നെന്നേക്കുമായി തുടച്ചുമാറ്റുന്ന ജീവന്റെ പ്രകാശത്തിൽ നടക്കുവാൻ കഴിയുമെന്നും തിരുമേനി ഓർമിപ്പിച്ചു. ക്രിസ്തുവിന്റെ പ്രകാശം വെളിപ്പെടുമ്പോൾ പാപത്തിന്റെ അന്ധകാരം പിൻമാറുമെന്നും തിരുമേനി കൂട്ടിച്ചേർത്തു.

ജോൺ തോമസ് പ്രാരംഭ പ്രാർഥന നടത്തി. ഇടവക സെക്രട്ടറി ഈശോ തോമസ് സ്വാഗതം പറഞ്ഞു. ടെസി കോരുത്ത്, സുമ ഫിലിപ്പ് എന്നിവർ നിശ്ചയിക്കപ്പെട്ട പാഠഭാഗങ്ങൾ വായിച്ചു. ഇടവക മലയാളം, ഇംഗ്ലീഷ് ഗായക സംഘാംഗങ്ങൾ മനോഹരമായ ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചു. തുടർന്ന് സൺഡേ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച ക്രിസ്മസ് നാറ്റിവിറ്റി സീൻ ക്രിസ്മസിന്റെ പൂർണ സന്ദേശം ഉൾക്കൊള്ളുന്നതായിരുന്നു. ഇടവകയുടെ നിയുക്ത വികാരി റവ. ഷൈജു സി ജോയി അച്ചൻ പ്രസംഗിച്ചു. ക്വയർ സെക്രട്ടറി ലിജി സ്കറിയ നന്ദി പറഞ്ഞു. രാജൻ കുഞ്ഞ് ചിറയിലിന്റെ സമാപന പ്രാർഥനക്കും ഷൈജു അച്ചന്റെ പ്രാർഥനക്കും ശേഷം ലഘുഭക്ഷണത്തോടെ ക്രിസ്മസ് ആഘോഷങ്ങൾ സമാപിച്ചു.  

LEAVE A REPLY

Please enter your comment!
Please enter your name here