ഛത്തീസ്ഗഢിൽ മരിച്ച മലയാളി സി.ആര്‍.പി.എഫ് ജവാന്റെ മൃതദേഹത്തോട് സൈന്യം അനാദരവ് കാട്ടിയെന്ന് പരാതി. ഹരിപ്പാട് സ്വദേശിയായ അനിൽ അച്ചൻകുഞ്ഞിന്റെ മൃതദേഹം എംബാം ചെയ്യാതെയാണ് നാട്ടില്‍ എത്തിച്ചത്. തുടർന്ന് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ തയാറായില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് ഫാക്‌സ് സന്ദേശമയച്ചു.

ഛത്തീസ്ഗഢിൽ സി.ആര്‍.പി.എഫ് സൈനികനായിരുന്ന ഹരിപ്പാട് സ്വദേശി അനില്‍ അച്ചൻകുഞ്ഞ്കഴിഞ്ഞ ആഴ്ച്ചയാണ് മരിച്ചത്. ജോലിക്കിടെ വെള്ളത്തില്‍ വീണ് അനില്‍ മരിച്ചുവെന്നാണ് സി.ആര്‍.പി.എഫ് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. ശനിയാഴ്ച്ച വൈകിട്ട് മൃതദേഹം കരീലകുളങ്ങര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് അനാദരവ് ബന്ധുക്കളുടേയും നാട്ടുകാരുടേയും ശ്രദ്ധയില്‍പ്പെട്ടത്.

ദേശീയപതാക ചാര്‍ത്തിയ പെട്ടിയില്‍ അടക്കം ചെയ്തിരുന്ന മൃതദേഹം എംബാം ചെയ്തിരുന്നില്ല. പ്ലാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞ് പെട്ടിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹത്തില്‍ വസ്ത്രങ്ങളും ഉണ്ടായിരുന്നില്ല. തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തില്‍ വികൃതമായ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍ നിലപാടെടുത്തു. മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്

സൈനികന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നാരോപിച്ച് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. രണ്ടര മണിക്കൂറോളം പ്രദേശം സംഘര്‍ഷഭരിതമായിരുന്നു. വീണ്ടും പോസ്റ്റുമാര്‍ട്ടം നടത്താമെന്ന് ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം സ്വകാര്യആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ നാട്ടുകാര്‍ അനുവദിച്ചത്. അനിലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മരണകാരണത്തെ കുറിച്ച് അന്വേഷിക്കണമെന്നുമാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് ഫാക്‌സ് സന്ദേശം അയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here