ഡാലസ് :  വെസ്റ്റ് നൈൽ വൈറസ് ഡാലസിൽ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ. ടെക്സസ് സംസ്ഥാനത്ത് ഈ വർഷം  ആദ്യമായാണ് വെസ്റ്റ് നൈൽ രോഗം റിപ്പോർട്ട് ചെയ്യുന്നത്. ഡാലസ് കൗണ്ടിയിലെ താമസക്കാരനായ ഒരാൾക്കാണ് വൈറസ് കണ്ടെത്തി‌യത്. കൊതുകിലൂടെയാണ് വെസ്റ്റ് നൈൽ വൈറസ് മനുഷ്യരിലേക്ക് വ്യാപിക്കുന്നത്. വൈറസ് ബാധിച്ചുവെങ്കിലും പലരിലും രോഗലക്ഷണങ്ങൾ കാണാറില്ലെന്നും 20 ശതമാനത്തിനും മാത്രമേ കാര്യമായ തലവേദന, പനി, പേശീവേദന, ചർദി, തലചുറ്റൽ എന്നിവ പ്രകടമാകാറുള്ളുവെന്നും അധികൃതർ പറഞ്ഞു. ചുരുക്കം ചിലരിൽ ഈ വൈറസ് തലച്ചോറിനെ ബാധിക്കുകയും നാഡിവ്യൂഹത്തെ തളർത്തുകയും ചെയ്യും. 

കൊതുകുകളുടെ കടിയേൽക്കാതെ സൂക്ഷിക്കണമെന്ന് ടെക്സസ് സ്റ്റേറ്റ് ഹെൽത്ത് സർവീസസ് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പു നൽകി. മാത്രമല്ല കൊതുകുകൾ വളരുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാതിരിക്കുകയും വേണം. കഴിഞ്ഞ വർഷം ടെക്സസിൽ 122 വെസ്റ്റ് നൈൽ വൈറസ് കേസുകൾ സ്ഥിരീകരിക്കുകയും 14 മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here