ന്യുഡല്‍ഹി: പാര്‍ലമെന്റില്‍ സഭ്യമല്ലാത്ത വാക്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് കൂടുതല്‍ നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയ സര്‍ക്കുലര്‍ ഇറക്കി. പാര്‍ലമെന്റിനുള്ളില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്താന്‍ പാടില്ല. നോട്ടീസ്, ചോദ്യാവലി എന്നിവയുടെ വിതരണത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. അച്ചടച്ച നോട്ടീസ് വിതരണം ചെയ്യുന്നതിന് മുന്‍കൂര്‍ അനുമതി തേടണമെന്നും പുതുക്കിയ പെരുമാറ്റ സര്‍ക്കുലറില്‍ പറയുന്നു.

പാര്‍ലമെന്റ് വളപ്പില്‍ പ്രകടനങ്ങളും സമരങ്ങളും ഉപവാസം, ധര്‍ണ, മതപരമായ അനുഷ്ഠാനങ്ങള്‍ എല്ലാം നിയന്ത്രിച്ച് ഇന്നലെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. നേരത്തെ പാര്‍ലമെന്റില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത 65 വാക്കുകളുടെ പട്ടിക തയ്യാറാക്കി പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് കൈപ്പുസ്തകമിറക്കിയിരുന്നു.

എന്നാല്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇവയെല്ലാം മുന്‍പ് സ്വീകരിച്ചിരുന്ന മാര്‍ഗങ്ങളാണെന്നും അത് ഇനിയൂം തുടരുമെന്നാണ് പ്രതിപക്ഷ നിലപാട്. പ്രതിപക്ഷ ശബ്ദം പാര്‍ലമെന്റില്‍ ഉയരാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

തിങ്കളാഴ്ച മുതല്‍ ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സ്പീക്കര്‍ വിളിച്ച സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ പ്രതിപക്ഷ കക്ഷികള്‍ വിഷയം ചര്‍ച്ചയാക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here