തിരുവനന്തപുരം: മലയാള സിനിമ മേഖലയിലെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ കെ.പി കുമാരന്. അരനൂറ്റാണ്ട് കാലം മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ പരമോന്നത ചലച്ചിത്ര പുരസ്‌കാരം.

പി.ജയചന്ദ്രന്‍ ചെയര്‍മാനും, സംവിധായകന്‍ സിബി മലയില്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, റാണി ജോര്‍ജ് ഐഎഎസ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തതെന്ന് മന്ത്രി വി.എസ് വാസവന്‍ അറിയിച്ചു.

ഓഗസ്റ്റ് മൂന്നിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
1936ല്‍ തലശേരിയിലായിരുന്നു ജനനം. 1975ലാണ് ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത സ്വയംവരത്തിന്റെ തിരക്കഥാകൃത്ത് കെ.പി കുമാരനാണ്. കുമാരന്റെ ആദ്യ സംവിധാന സംരംഭം അതിഥി ആയിരുന്നു. അതിഥി , തോറ്റം, രുക്മിണി, നേരം പുലരുമ്പോള്‍, ആദിപാപം, കാട്ടിലെപാട്ട്, തേന്‍തുളളി, ആകാശഗോപുരം എന്നിവ പ്രധാന ചിത്രങ്ങള്‍. നാഷണല്‍ ഫിലിം അവാര്‍ഡ്, സ്‌പെഷ്യല്‍ ജുറി പ്രൈസ് എന്നിവ ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here