പട്‌ന: എന്‍ഡിഎ സഖ്യം വിട്ട് രാജിവെക്കുകയും പ്രതിപക്ഷത്തിനൊപ്പം ചേരുകയും ചെയ്ത ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമര്‍ശിച്ച് ബിജെപി രംഗത്ത്. കാല്മാറ്റം നടത്തി നിതീഷ് കുമാര്‍ ബിഹാര്‍ ജനതയെയാണ് വഞ്ചിച്ചതെന്ന് ബിജെപിയുടെ വിമര്‍ശനം. ഇപ്പോള്‍ കാണിച്ച വഞ്ചനയ്ക്ക് ജനങ്ങള്‍ നിതീഷിന് മാപ്പ് കൊടുക്കില്ലെന്ന് ബിഹാര്‍ ബിജെപി അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്‌വാള്‍ പറഞ്ഞു.

 

2020-ലെ പൊതുതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തെയാണ് ജനങ്ങള്‍ തിരഞ്ഞെടുത്തത്. രണ്ടാമത്തെ കക്ഷിയായിട്ടും നിതീഷിനെയാണ് മുഖ്യമന്ത്രിയാക്കിയത്. എന്നിട്ടും സഖ്യം അവസാനിപ്പിക്കാനുള്ള നിതീഷിന്റെ തീരുമാനം ജനങ്ങളോടും ബിജെപിയോടുമുള്ള വഞ്ചനയാണ്. കേന്ദ്രമന്ത്രിയും ബിഹാര്‍ ബിജെപിയലെ പ്രമുഖനുമായ ഗിരിരാജ് സിങ്ങും നിതീഷിനെതിരെ രംഗത്ത് വന്നു.

 

സഖ്യസര്‍ക്കാരില്‍ വിള്ളല്‍ വീഴ്ത്തിയത് നിതീഷ് ആണെന്നാണ് കേന്ദ്ര മന്ത്രിയുടെ ആരോപണം. ബിജെപിക്ക് 63 എംഎല്‍എമാരുള്ളപ്പോഴും 36 എംഎല്‍എമാരുള്ള നിതീഷിനെയാണ് മുഖ്യമന്ത്രിയാക്കിയത്. ബിജെപിയുടെ സംസ്ഥാന മുതിര്‍ന്ന നേതാക്കളായ ശുശീല്‍ കുമാര്‍ മോദി, മുന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് തുടങ്ങിയവര്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പട്‌നയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

 

മഹാരാഷ്ട്ര മോഡലില്‍ ജെഡിയുവില്‍ വിള്ളലുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് നിതീഷ് കുമാര്‍ രാജിവെക്കാന്‍ തീരുമാനിച്ചത്. രാജിവെച്ച ശേഷം മാധ്യമങ്ങളെ കണ്ട നിതീഷ് കുമാര്‍ ഇക്കാര്യം പാര്‍ട്ടി എംഎല്‍എമാരെ അറിയിച്ചുവെന്നും വ്യക്തമാക്കി.

അമിത് ഷായുടെ നേതൃത്വത്തില്‍ മഹാരാഷ്ട്ര മോഡലില്‍ ജെഡിയുവിനെ ദുര്‍ബലരാക്കാന്‍ നീക്കം നടക്കുന്നുവെന്ന് മനസ്സിലാക്കിയാണ് നിതീഷ് കുമാര്‍ രാജിവെക്കാന്‍ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here