ഡോ. എൽസ നീലിമ മാത്യു

കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ എൽസ നീലിമ മാത്യു ഇപ്പോൾ കാൻസസിലെ മാൻഹാറ്റനിൽ ഭർത്താവ് ജോസ്കോ കുര്യനൊപ്പം താമസിക്കുന്നു. പൂക്കോട്, ലുധിയാന വെറ്ററിനറി കോളജുകളിൽ  നിന്നും വെറ്ററിനറി സയൻസിൽ ബിരുദവും ബിരുദാനന്തരബിരുദവും  നേടിയ ശേഷം  ഉന്നതവിദ്യാഭ്യാസത്തിൻറെ ഭാഗമായി അമേരിക്കയിലെത്തി. കണക്ടിക്കട്ട് സർവകലാശാലയിൽ നിന്നും 2017-ൽ ബിരുദാനന്തരബിരുദം നേടി. കാൻസസ്‌ സ്റ്റേറ്റ്‌ യൂണിവേഴ്സിറ്റി വെറ്ററിനറി കോളേജിൽ നിന്നും പി.എച്ച്ഡി  നേടിയ ശേഷം അവിടെ തന്നെ പോസ്റ്റ്‌ ഡോക്ടറൽ റിസർച്ച്‌ സയന്റിസ്റ്റായി പ്രവർത്തിക്കുന്നു. സ്‌കൂൾ, കോളജ് കാലഘട്ടങ്ങളിൽ തന്നെ പാഠ്യേതരപ്രവർത്തനങ്ങളിലും സജീവമായിരുന്ന  എൽസ രചനാമത്സരങ്ങളിലും കവിതാപാരായണത്തിലും സർവകലാശാലാതലത്തിൽ സമ്മാനങ്ങൾ നേടി. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതുന്നു. സ്വന്തം കവിതകളുടെ ഇംഗ്ലീഷ്‌ വിവർത്തനങ്ങളും പ്രസിദ്ധീകരിച്ചുവരുന്നു.

ആദ്യത്തെ കൊവിഡ് ലോക്ക്ഡൗൺ കാലത്ത്, 2020-ൽ ശുഭപ്രതീക്ഷയുളവാക്കുന്ന സാഹിത്യരചനകൾ സമാഹരിക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച ബ്ലൂ റൈറ്റിങ് സർക്യൂട്ട് എന്ന ഓൺലൈൻ സാഹിത്യവേദിയുടെ സ്ഥാപകഎഡിറ്ററാണ് എൽസ.  ബ്ലൂ റൈറ്റിംഗ് സർക്യൂട്ടിന്റെ ആദ്യത്തെ സമാഹാരമായ ‘അതിജീവനത്തിന്റെ  അരുളപ്പാടുകൾ’ വഴി ലഭിച്ച വരുമാനം പൂർണ്ണമായും തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന് സമർപ്പിച്ചു. അതേ സമാഹാരത്തിലെ രചനകൾക്കൊപ്പം പുതിയവയ്ക്കും ഒരിടം നൽകിക്കൊണ്ട്  bluewritingcircuit.com എന്ന വെബ്സൈറ്റ്  ഇപ്പോൾ പ്രവർത്തിക്കുന്നു.

കൈരളി ബുക്സ്‌ കണ്ണൂർ 2022-ൽ പ്രസിദ്ധീകരിച്ച ‘മലമുകളിലെ മരം ഒറ്റയ്ക്കാണ്’ ആദ്യകവിതാസമാഹാരമാണ്. പുസ്തകത്തിന്റെ അവതാരിക  സുകുമാരൻ പെരിയച്ചൂർ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ് : “ഇരുപത്തിയഞ്ച് കവിതകളും ഇരുപത്തിയഞ്ച് അനുഭവങ്ങളാണ്. ഓരോ കവിതയും ഓരോ ആശ്വാസതലങ്ങളാണ്.  അവസാനത്തെ കവിത ‘സ്വസ്തി’യിലൂടെ കവിതയെ ധ്യാനത്തിലേക്ക് കൊണ്ടുപോകുന്നു. ‘”കാലും നടുവും നിവർത്തി ബോധം കെട്ടുറങ്ങട്ടെ”, “ധ്യാനിക്കാൻ വിളക്കുമാടങ്ങൾ കാട്ടിത്തന്നവരോട്,
എന്റെ  ധ്യാനമാണിത്, സ്വസ്തിയും മറ്റൊന്നല്ല” എന്ന് എൽസ നീലിമ മാത്യു പാടുമ്പോൾ ദയാബായിയുടെ കവിതകൾ പോലെ മലയാളത്തിലെ ഒരു കൊച്ചുകോകിലമായി നമുക്കവരുടെ പാട്ട് കേട്ടുകൊണ്ടേയിരിക്കാം.”

 

തികച്ചും സാങ്കൽപ്പികം !


ഇന്നുതന്നെ ഒരു കവിതയെഴുതണം.
നീളമൊട്ടും കുറയാതെ,
ഒരു നൂറ്, അല്ലെങ്കിൽ,
നൂറ്റിയമ്പത് താളുകൾ
എഴുതി നിറക്കണം.
അതിൽ ഒരു നായകൻ വേണം.
അവന് ഒരു ശത്രുവെങ്കിലും വേണം.
അവർ എപ്പോഴും കലഹിക്കണം.
കലഹം മൂക്കുമ്പോൾ,
ശത്രുക്കൾക്ക് തട്ടിക്കൊണ്ടുപോകാൻ
ഭാര്യയോ മക്കളോ
ശിഷ്യരോ വേണം.
അതിന്റെ പേരിൽ
അവർ കലഹം തുടരണം.
വാളുകൾ തമ്മിലിടയണം;
കളത്തിലിറങ്ങിയവർ മരിച്ചുവീഴണം.
പരിചകൾ തട്ടിത്തെറിപ്പിക്കണം;
കണ്ടുനിന്നവരുടെ ചോര പൊടിയണം.
ശത്രുവിനെ നിരായുധനാക്കണം.
കയ്യിലൊരു കമ്പോ
നെഞ്ചിലൊരു കവചമോ ഇല്ലാതെ
നിലത്തുവീണുകിടക്കുന്ന
ശത്രുവിന്റെ നെഞ്ചിൽത്തന്നെ
കയറിയിരിക്കണം നായകൻ.
അടിയറവുചൊല്ലി കരുണ യാചിക്കുന്ന
കണ്ണുകളിലൊന്ന് നോക്കുക കൂടി ചെയ്യാതെ
കൃത്യമായി ഹൃദയത്തിലേക്കുതന്നെ
വാൾമുന കുത്തിയിറക്കുകയും വേണം.
അപ്പോൾ പതഞ്ഞൊഴുകുന്ന രക്തം കണ്ട്
ചുറ്റുമുള്ളവർ ആരവം മുഴക്കണം.
പിന്നെ എല്ലാവരും ചിരകാലം
സന്തുഷ്ടരായി ജീവിക്കണം.
പരിസമാപ്തിക്ക് കനം പോരെന്നാകിൽപ്പിന്നെ
നായകൻ അസാന്മാർഗിയായി മാറണം.
ആൾക്കൂട്ടം കൂടി അവനെ കല്ലെറിയണം;
സദാചാരക്കുരിശിൽ തറക്കണം.
കവിതയിലെ കഥ
അവിടെത്തീരണം.
ഇന്നുതന്നെ ഒരു കവിതയെഴുതണം.
കവിതക്കൊടുക്കം
ആർക്കും തിരിയുന്ന ഭാഷയിൽ
ഇപ്പറഞ്ഞതൊക്കെ
തികച്ചും സാങ്കല്പികമാണെന്നു
എഴുതിവെക്കണം.
അല്ലെങ്കിലൊരുപക്ഷേ,
ഞാനും എന്നെ അറിയുന്നവരും
മൺമറഞ്ഞ്,
പിന്നെയും
ഒരുപാട് വർഷവും
ഒരുപാട് ശൈത്യവും
അവയ്ക്കൊപ്പം
വേനലും വറുതിയും കഴിഞ്ഞാലും
എങ്ങാനും ഈ അക്ഷരങ്ങൾ
മങ്ങാതിരുന്നാൽ,
ആരെങ്കിലും വന്ന് ഇക്കവിതക്കൊരു
വ്യാഖ്യാനമൊരുക്കും;
അത് മനസ്സിലായെന്നുധരിക്കുന്നവർ
പുനർവ്യാഖ്യാനങ്ങളും.
കഥയിൽ യുദ്ധം ജയിച്ചവൻ ചെയ്തതെന്തോ
അതാണ് നന്മയെന്നും
തോറ്റവൻ ചെയ്തത് തിന്മയെന്നും
നിർവചനങ്ങളുണ്ടാകും.
പിന്നെ കാലം കടന്നുപോകുമ്പോൾ
ചിലർ അതിനെ
മഹാകാവ്യമെന്നുവിളിക്കും;
പിന്നെയും കുറെകഴിഞ്ഞാൽ,
ഇതിഹാസമെന്നും.
അങ്ങനെയങ്ങനെ,
ഇപ്പാവം കവിത
പാഠപുസ്തകവും ചരിത്രവുമാകും.
നായകനും പ്രതിനായകനും ഒക്കെ
ആരാധനാപാത്രങ്ങളാകും.
അവർക്കുമുന്നിൽ കുറേപ്പേർ
കുമ്പിടും; മുട്ടുമടക്കും;
അങ്ങനെചെയ്യാത്തവരെ
മുട്ടുമടക്കിത്തൊഴിക്കും.
കലഹങ്ങൾ അങ്ങനെ
തുടർന്നുകൊണ്ടേയിരിക്കും.
ഇന്നുതന്നെ ഒരു കവിതയെഴുതണം.
കവിതയുടെ എല്ലാ ഏടുകളിലും
ആർക്കും തിരിയുന്ന ഭാഷയിൽ
ഇപ്പറഞ്ഞതൊക്കെ
തികച്ചും സാങ്കല്പികമാണെന്നു
എഴുതിവെക്കണം.
അവസാനതാളിൽ മാത്രമൊതുക്കിയാൽ
ഇനിയെങ്ങാനും
ബുദ്ധി വക്രിച്ചൊരാൾ വന്ന്
അത് മാത്രം ചീന്തിയെറിഞ്ഞാലോ!Facebook: https://www.facebook.com/ElzaNeelimaMathew

LEAVE A REPLY

Please enter your comment!
Please enter your name here