പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഭാരതീയ ജനതാ പാര്‍ട്ടിയില്‍ (ബിജെപി) ചേര്‍ന്നു. ഇതോടെ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചു. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും കിരണ്‍ റിജിജുവും ചേര്‍ന്നാണ് അമരീന്ദര്‍ സിംഗിന് ബിജെപി അംഗത്വം നല്‍കിയത്. അമരീന്ദറിനൊപ്പം അദ്ദേഹത്തിന്റെ നിരവധി അനുയായികളും ബിജെപിയില്‍ ചേര്‍ന്നു.

13 മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരുമായാണ് അമരീന്ദര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബിജെപി ലയനം. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി പുറത്തായതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട് സിംഗ് പഞ്ചാബ് ലോക് കോണ്‍ഗ്രസ് (പിഎല്‍സി) രൂപീകരിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അമരീന്ദര്‍ സിംഗ് കണ്ടിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അമരീന്ദര്‍ സിംഗ് ആം ആദ്മിയുടെ അജിത് പാല് സിംഗ് കോലിയോട് പരാജയപ്പെട്ടിരുന്നു. അമരീന്ദര്‍ സിംഗിന് 20,105 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോലിക്ക് ലഭിച്ചത് 33,142 വോട്ടുകളാണ്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ തട്ടകമായിരുന്ന പട്യാലയിലായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത പരാജയം.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമരീന്ദര്‍ സിംഗിന്റെ രാഷ്ട്രീയ അനുഭവം മുതലെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഐക്യമുന്നണി ശക്തിപ്പെടുത്തുന്നതിനിടെയാണ് പഞ്ചാബ് ക്യാപ്റ്റനിലൂടെ ബിജെപി രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here