കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ കാര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ അറസ്റ്റിലായി. ഫിറോസ് ഇസ്മയില്‍, നവാസ് ഇസ്മയില്‍, മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, മുഹമ്മദ് തല്‍ഹ എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാം ജിഎം നഗര്‍ ഉക്കടം സ്വദേശികളാണ്. ഇവര്‍ സ്‌ഫോടനത്തില്‍ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധം പുലര്‍ത്തിയവരായിരുന്നു. സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചതിലും സ്‌ഫോടനത്തിന്റെ ആസൂത്രണത്തിലും ഇവര്‍ക്ക് പങ്കുള്ളതായുള്ള സൂചനകളണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് കോട്ടൈ ഈശ്വര്‍ കോവിലിന് മുന്നില്‍ കാറില്‍ സ്‌ഫോടനമുണ്ടായത്. കാറില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില കാര്‍ രണ്ടായി പിളര്‍ന്നു. കാറിലുണ്ടായിരുന്ന ജമീഷ മുബിന്‍ മരണപ്പെടുകയും ചെയ്തു. ജമീഷ മുബീന്‍ വീട്ടില്‍ നിന്നും ഗ്യാസ് സിലിണ്ടര്‍ കാറില്‍ കയറ്റുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു.

ജമീഷ മുബീന്റെ വീട്ടില്‍ ഉന്നത പോലീസ് സംഘം നടത്തിയ പരിശോധനയില്‍ പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡര്‍ തുടങ്ങിയവ കണ്ടെത്തിയിരുന്നു. കാറില്‍ നിന്ന് നിറയെ ആണികളും കണ്ടെത്തിയിരുന്നു. എന്‍ജിനീയറിംഗ് ബിരുദധാരിയാണ് ജമീഷ മുബീന്‍.

2009ല്‍ ഒരു കേസുമായി ബന്ധപ്പെട്ട് ജമീഷ മുബിനെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. സ്‌ഫോടനം നടന്നത് ക്ഷേത്രത്തിന് മുന്നിലായതിനാല്‍ പിന്നില്‍ ദുരൂഹതയുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

സ്‌ഫോടനത്തിനു പിന്നില്‍ തീവ്രവാദ സംഘടനയായ അല്‍ ഉമയ്ക്കു പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. 1998ല്‍ നടന്ന കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ പ്രതിയായവരുമായി നിലവില്‍ അറസ്റ്റിലായവരുടെ ബന്ധമാണ് ഇതിനു കാരണം. ഞായറാഴ്ചത്തെ സ്‌ഫോടനത്തില്‍ എന്‍ഐഎയും അന്വേഷണം തുടങ്ങി.

1998ലെ സഫോടനവുമായി ബന്ധപ്പെട്ട് അല്‍ ഉമ സംഘടനയുടെ തലവന്‍ ബാഷയുടെ സഹോദരന്റെ വീട്ടിലാണ് പോലീസ് പരിശോധന നടത്തിയത്. ബാഷയുടെ സഹോദരന്‍ നവാബ് ഖാന്റെ മകന്‍ തല്‍ഹയെ ചോദ്യം ചെയ്തിരുന്നു. ഉക്കടം വിന്‍സന്റ് റോഡിലെ വീട്ടില്‍ വൈകിട്ടോടെയാണ് പോലീസ് സംഘം പരിശോധനക്കെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here