ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിയായ 16കാരന്‍ സാന്‍ ഫ്രാന്‌സിസ്‌കോയിലെ ഗോള്‍ഡന്‍ ഗേറ്റ് പാലത്തില്‍ നിന്നു ചാടി മരിച്ചു. കുട്ടിയുടെ മരണം തീരരക്ഷാ സേനയും കുട്ടിയുടെ കുടുംബവും സ്ഥിരീകരിച്ചു. വിദ്യാര്‍ത്ഥിയായ ശ്രേയസ് കെല്‍ക്കറെ ചൊവാഴ്ച വീട്ടില്‍ നിന്ന് കാണാതായിരുന്നു. മൃതദേഹം ഇതുവരെ കണ്ടു കിട്ടിയിട്ടില്ല. എന്നാല്‍ ശ്രേയസിനെ ഇനി ജീവനോടെ കിട്ടാന്‍ ഒരു സാധ്യതയുമില്ലെന്നു കാലിഫോണിയ പൊലീസ് പറയുന്നു.

ശ്രേയസ് ചൊവാഴ്ച വൈകിട്ട് പാലത്തിലൂടെ സഞ്ചരിക്കുന്നതു കണ്ടവരുണ്ട്. അഞ്ചു മണിയോടെ പാലത്തില്‍ നിന്നു ചാടിയെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഒരാള്‍ പാലത്തില്‍ നിന്നു ചാടി എന്ന വിവരം കിട്ടിയ ഉടന്‍ രണ്ടു മണിക്കൂറോളം തിരച്ചില്‍ നടത്തിയെന്നു കോസ്റ്റ് ഗാര്‍ഡ് പറയുന്നു. തിരച്ചില്‍ തുടരുന്നുണ്ട്. ബോട്ടുകളും സോണാര്‍ ഉപകരണങ്ങളും സ്‌ക്യൂബയും ഒക്കെ ഉപയോഗിക്കുന്നുണ്ട്. ഹോംസ്റ്റെഡ് ഹൈസ്‌കൂളില്‍ ഗ്രെയ്ഡ് 12 വിദ്യാര്‍ഥിയായിരുന്നു ശ്രേയസ്.

ശ്രേയസിന്റെ സൈക്കിളും ഫോണും ബാഗും പാലത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയെന്നു കുട്ടിയുടെ പിതാവ് ആശിഷ് കെല്‍ക്കര്‍ പറഞ്ഞു. ആശിഷ് കെല്‍ക്കരുടെ രണ്ടു ആണ്‍മക്കളില്‍ മൂത്തയാളാണ് ശ്രേയസ്. കഴിഞ്ഞ മൂന്നു നാലു മാസമായി കുട്ടി വളരെ മൂകനായിരുന്നു. കൗമാര പ്രായത്തില്‍ ഉണ്ടാവുന്ന സാധാരണ വ്യത്യാസം എന്ന് മാത്രമേ കരുതിയുള്ളൂ. ഇത്രയും പ്രതീക്ഷിച്ചില്ല. കോളേജിലേക്കുള്ള അപേക്ഷയും അയച്ചിരുന്നു. ശ്രേയസിനു പ്രിയ വിഷയം അപ്പ്‌ളൈഡ് മാത്‌സ് ആയിരുന്നുവെന്നും പിതാവ് ഓര്‍മിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here