മൈക്രോ സോഫ്റ്റിലെ ജോലി രാജി വച്ച് ആമസോണില്‍ ചേരാനായി കാനഡയിലെത്തിയ യുവാവിനെ ജോലിക്ക് എടുക്കാതെ ആമസോണ്‍. ആമസോണിലെ വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യന്‍ യുവാവിന് പ്രതിസന്ധിയായത്. മൈക്രോ സോഫ്റ്റിലെ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ ആരുഷ് നാഗ്പാലിനാണ് ഇന്ത്യയിലും വിദേശത്തും ഒരു പോലെ ജോലി ഇല്ലാത്ത അവസ്ഥയിലായത്. കാനഡയിലെ ആമസോണ്‍ ഓഫീസില്‍ നിന്നുള്ള ജോബ് ഓഫര്‍ ലഭിച്ചതിന് പിന്നാലെയാണ് ആരുഷ് മൈക്രോസോഫ്റ്റിലെ ജോലി ഉപേക്ഷിച്ചത്. പിന്നാലെ കാനഡയിലെ വാന്‍കൂവറിലേക്ക് ആരുഷ് താമസവും മാറി. എന്നാല്‍ കാനഡയിലെത്തിയ ശേഷമാണ് ജോബ് ഓഫര്‍ കമ്പനി റദ്ദാക്കിയതായി യുവാവിന് അറിയിപ്പ് ലഭിക്കുന്നത്.

ജോലിയില്‍ പ്രവേശിക്കേണ്ട ദിവസത്തിന് തൊട്ട് മുന്‍പായാണ് യുവാവിന് അറിയിപ്പ് ലഭിക്കുന്നത്. മൈക്രോ സോഫ്റ്റിലെ നോട്ടീസ് പിരിയഡ് പൂര്‍ത്തിയാക്കിയ യുവാവിന് വാന്‍കൂവറില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക് പുറപ്പെടും മുന്‍പ് വരെ എച്ച് ആറുമായി ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ വരാന്‍ പോകുന്ന പ്രതിസന്ധിയേക്കുറിച്ച് സൂചന പോലും ലഭിച്ചില്ലെന്നും യുവാവ് സമൂഹമാധ്യമങ്ങളിലെ കുറിപ്പില്‍ വിശദമാക്കുന്നു. നിലവിലെ സാമ്പത്തിക പ്രതിസന്ധി മനസിലാക്കുന്നുവെങ്കിലും എന്‍ജിനിയറുടെ ആവശ്യമുള്ള ഏത് ടീമിലും ജോലി ചെയ്യാന്‍ സന്നദ്ധനാണെന്നാണ് യുവാവ് സമൂഹമാധ്യമങ്ങളിലൂടെ വിശദമാക്കുന്നത്.

ഇത് ആദ്യമായല്ല ആമസോണ്‍ സമാനമായി ജോലി ഓഫര്‍ റദ്ദാക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഗൂഗിളില്‍ നിന്ന് രാജിവച്ചിറങ്ങിയ എന്‍ജിനിയര്‍ക്കും സമാന അനുഭവം നേരിട്ടിരുന്നു. ജോലിയില്‍ ചേരുന്നതിന് മൂന്ന് ദിവസം മുന്‍പാണ് യുവാവിന് ഓഫര്‍ റദ്ദാക്കിയ അറിയിപ്പ് ലഭിക്കുന്നത്. എച്ച് 1 ബി വിഭാഗത്തിലുള്ള വിസ ആയതിനാല്‍ 60 ദിവസത്തിനുള്ളില്‍ പുതിയ ജോലി ലഭിച്ചില്ലെങ്കില്‍ ഈ യുവാവ് ജന്മനാട്ടിലേക്ക് മടങ്ങേണ്ടി വരും. പ്രതിസന്ധിയെ തുടര്‍ന്ന് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കമ്പനിയിലെ 20000 ജീവനക്കാരെ ഉടനെ പിരിച്ചുവിടുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. നേരത്തെ പിരിച്ചുവിടുമെന്ന് പറഞ്ഞിരുന്ന കണക്കിന്റെ ഇരട്ടിയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here