ന്യൂഡൽഹി: ചൈനയിൽ കൊവിഡ് പടരുന്നതിനിടയാക്കിയ ഒമിക്രോൺ ഉപവകഭേദമായ എക്സ്.ബി.ബി ഇന്ത്യയിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ മാർഗനിർദ്ദേശം നൽകി. പനി,​ ഗുരുതര ശ്വാസ പ്രശ്നങ്ങൾ എന്നിവയുള്ള രോഗികളെ നിരീക്ഷിക്കണം,​ രോഗം സ്ഥിരീകരിച്ചാൽ ജനിതക ശ്രേണീകരണം നടത്തണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അദ്ധ്യക്ഷതയിൽ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാർ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യങ്ങൾ സംബന്ധിച്ച് തീരുമാനമെടുത്തത്.

 

പനി,​ ശ്വാസ പ്രശ്നങ്ങൾ ഉള്ളവരെ നിരീക്ഷിക്കുന്നതിനൊപ്പം വേണമെങ്കിൽ കൊവിഡ് പരിശോധന നടത്താനും നിർദ്ദേശത്തിലുണ്ട്. പരിശോധന,​ നിരീക്ഷണം,​ ചികിത്സ എന്നിവയ്ക്ക് പ്രാധാന്യം നൽകാനും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുക,​ സാമൂഹിക അകലം പാലിക്കുക,​ കൈകഴുകുക,​ സാനിറ്റൈസർ ഉപയോഗിക്കുക എന്നതിൽ അലംഭാവം വരുത്തരുതെന്നും നിർദ്ദേശത്തിൽ പറയുന്നു.

 

ആൾക്കൂട്ടങ്ങൾ അമിതമാകരുത്. ശാരീരിക അകലം പാലിക്കുന്നുണ്ടെന്നും മാസ്കും ഉറപ്പാക്കണം,​ വാക്സിൻ കരുതൽ ഡോസ് വിതരണത്തിൽ വൈമുഖ്യം കാണുന്നുണ്ട്. ഇത് ഒഴിവാക്കി കരുതൽ ഡോസ് നൽകുന്നതിന് പ്രാധാന്യം നൽകണം. കേന്ദ്ര,​ സംസ്ഥാന സർക്കാരുകൾ യോജിച്ച് പ്രവർത്തിക്കണം. ജാഗ്രത വ‌ർദ്ധിപ്പിക്കണം. കടുത്ത നിയന്ത്രണങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും എന്നാൽ ജാഗ്രത കൈവിടരുതെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here