മുന്‍ കാമുകിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ട്രാന്‍സ്ജന്‍ഡറായ ആംബര്‍ മക്ലോഫ്ലിന് വധശിക്ഷ. അമേരിക്കയില്‍ ആദ്യമായി വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ട്രാന്‍സ്ജന്‍ഡറാണ് ആംബര്‍. മിസോറി ഗവര്‍ണര്‍ പാഴ്സണ്‍ മാപ്പ് അനുവദിക്കാത്ത പക്ഷം വധശിക്ഷ ഉടന്‍ നടത്തപ്പെടും. വിഷം കുത്തിവച്ചാണ് ആംബറിനെ വധിക്കുക.

2003ല്‍ നടന്ന കൊലപാതകത്തിനാണ് കോടതി ആംബറിന് വധശിക്ഷ വിധിച്ചത്. വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നും മാപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് 27 പേജുകളുള്ള അപേക്ഷയാണ് ഡിസംബര്‍ 12ന് ആംബര്‍ സമര്‍പ്പിച്ചത്. ബാല്യകാലത്ത് അനുഭവിക്കേണ്ടി വന്ന ലൈംഗിക ചൂഷണങ്ങള്‍ ഉള്‍പ്പെടെ തന്റെ മാനസികനില തകര്‍ത്തതിനാലാണ് കൊലപാതകം ചെയ്ത് പോയതെന്ന് അപേക്ഷയിലൂടെ ആംബര്‍ വിശദീകരിക്കുന്നുണ്ട്. തീരെ ചെറുപ്പത്തില്‍ മുഖത്ത് മനുഷ്യമലം പുരട്ടി വരെ വീട്ടുകാര്‍ തന്നെ അപമാനിച്ചിട്ടുണ്ടെന്നും അപേക്ഷയിലൂടെ ആംബര്‍ പറയുന്നു.

പിന്നീടുള്ള അമിത മദ്യപാനം മാനസിക നില ആകെ തകര്‍ത്തു. നിരവധി തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പിന്നീട് മാനസിക നില കൈവിട്ട് പോയപ്പോഴാണ് കൊലപാതകം ചെയ്തതെന്നും അപേക്ഷയിലൂടെ ഇവര്‍ വിശദീകരിച്ചു. ബെവെര്‍ലി ഗുഞ്ചര്‍ എന്ന മുന്‍ കാമുകിയെയാണ് ആംബര്‍ കൊലപ്പെടുത്തിയത്. ഓഫിസ് കെട്ടിടത്തില്‍ ചോരയില്‍ കുളിച്ച നിലയിലാണ് ഇവരുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. 2006ലാണ് ആംബറിനെതിരെ കൊലക്കുറ്റം ചുമത്തപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here