വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ഡിജിസിഎ. വീഴ്ച സംഭവിച്ചിട്ടില്ലെന്ന് എയര്‍ ഇന്ത്യ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിന് പിന്നാലെയാണ് കാരണം കാണിക്കല്‍ നോട്ടീസ്. എയര്‍ ഇന്ത്യയെ പ്രതിരോധിലാക്കുന്നതാണ് ഡിജിസിഎ സമര്‍പ്പിച്ച കാരണം കാണിക്കല്‍ നോട്ടീസ്.

സംഭവം കൈകാര്യം ചെയ്ത രീതിയെ ഡിജിസിഎ കുറ്റപ്പെടുത്തി. വിഷയം ശ്രദ്ധയില്‍പ്പെടുത്താഞ്ഞത് എന്തുകൊണ്ടെന്ന് ഡിജിസിഎ ആരാഞ്ഞു. വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം നല്‍കണമെന്നും എയര്‍ ഇന്ത്യക്ക് നിര്‍ദ്ദേശം നല്‍കി. യാത്രക്കാരനെതിരെ നടപടിയെടുക്കുന്നതില്‍ നിന്ന് പരാതിക്കാരി പിന്മാറിയിരുന്നുവെന്നും, പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്ന് കരുതിയാണ് പോലീസിനെ അറിയിക്കാതിരുന്നതെന്നാണ് എയര്‍ ഇന്ത്യ ഡിജിസിഎ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ വിശദീകരിച്ചത്.

യാത്രക്കാരിക്ക് പണം തിരികെ നല്‍കിയെന്നും എയര്‍ ഇന്ത്യ അറിയിച്ചു. മുംബൈ വ്യവസായിയായ പ്രതിയെ തേടി ഡല്‍ഹി പൊലീസ് മുംബൈയിലെത്തി. ഇയാള്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരായ അതിക്രമം, അടക്കം ഐപിസി 294 ,354,509 ,510 വകുപ്പുകളാണ് ചുമത്തിയത്. പ്രതിയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

അതിനിടെ മറ്റൊരു എയര്‍ ഇന്ത്യ വിമാനത്തിലും സമാനമായ സംഭവം നടന്നതായി പരാതിയുണ്ട്. ഡിസംബര്‍ 6 ന് പാരിസ്- ഡല്‍ഹി വിമാനത്തിലാണ് സമാനമായ മറ്റൊരു സംഭവം ഉണ്ടായത്. മദ്യലഹരിയില്‍ സഹയാത്രികയുടെ പുതപ്പില്‍ മൂത്രമൊഴിച്ചതായാണ് പരാതി ഉയര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here