ആഷാ മാത്യു

കേരളത്തിലെ ആശുപത്രികളില്‍ നഴ്സുമാരുടെ ക്ഷാമം രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു തുടങ്ങി. നഴ്സുമാരുടെ പ്രവര്‍ത്തനം മൂലം ആശുപത്രികളിലെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. രാത്രികളിലും മറ്റും അത്യാസന്ന നിലയില്‍ ആശുപത്രിയിലെത്തിക്കുന്ന രോഗികള്‍ക്ക് സമയബന്ധിതമായി അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് കഴിയാതെ വരുന്നതിന് രാത്രിഷിഫ്റ്റുകളില്‍ നഴ്സുമാരുടെ കുറവ് കാരണമാകുന്നു. ഈ പ്രതിസന്ധികള്‍ക്ക് ഒരൊറ്റ കാരണമേയുള്ളൂ. അത് സംസ്ഥാനത്തെ ആശുപത്രികളില്‍ നിന്നുള്ള നഴ്സുമാരുടെ കൊഴിഞ്ഞുപോക്കാണ്. പരിചയമുള്ളവരും പഠിച്ചിറങ്ങിയവരും മുഴുവന്‍ കൂട്ടമായി വിദേശത്തേക്ക് കടക്കുകയാണ്.

ഏറ്റവുമൊടുവിലത്തെ കണക്ക് പ്രകാരം ഒന്‍പത് മാസത്തിനിടെ സംസ്ഥാനത്ത് നിന്ന് വിദേശത്തേക്ക് വിമാനം കയറിയത് 23,000 നഴ്സുമാരാണ്. ഇതൊരു ചെറിയ സംഖ്യയല്ല. നേരത്തേ വര്‍ഷംതോറും ഏകദേശം 15,000 നഴ്‌സുമാരാണ് ഇന്ത്യയില്‍ നിന്ന് ഇതര രാജ്യങ്ങളിലേക്ക് ജോലി തേടി പോയിരുന്നത്. കോവിഡിനു ശേഷം ഈ സംഖ്യ ഇരട്ടിയിലധികമായി വര്‍ധിച്ചു. ഉയര്‍ന്ന ശമ്പളവും മെച്ചപ്പെട്ട ജീവിത നിലവാരവുമാണ് നഴ്സുമാരെ വിദേശത്തേക്ക് ആകര്‍ഷിക്കുന്നത്. കേരളത്തിലേതു പോലെ അടിമപ്പണി ചെയ്യണ്ട. മൂന്നു ഷിഫ്റ്റായി ചെയ്യേണ്ട ജോലി രണ്ട് ഷിഫ്റ്റായി തിരിച്ച് മരണപ്പണിയെടുപ്പിക്കുന്ന ആശുപത്രി മാനേജ്മെന്റുകളില്ല. ബോണ്ടില്ല, അതികര്‍ശനമായ യോഗ്യതാ മാനദണ്ഡങ്ങളില്ല. ലോണെടുത്ത് നഴ്സിംഗ് പഠിച്ചവര്‍ക്ക് അതെങ്ങനെ തിരിച്ചടക്കുമെന്നോര്‍ത്ത് വേവലാതി വേണ്ട.

അതിനു പുറമേ നിരവധി അനവധി സാധ്യതകളുടെ വാതിലുകളാണ് നഴ്സുമാര്‍ക്കായി വിദേശ രാജ്യങ്ങള്‍ തുറന്നിട്ടിരിക്കുന്നത്. ജോലിയോടൊപ്പം തുടര്‍ന്ന് പഠിക്കുന്നതിന് അനായാസം സാധിക്കുമെന്നതും വിവാഹിതരായവര്‍ക്ക് കുടുംബത്തോടൊപ്പം സ്ഥിരതാമസത്തിനുള്ള അവസരം ലഭിക്കുമെന്നതും ആകര്‍ഷണങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നുണ്ട്. മലയാളി നഴ്സുമാരോട് വിദേശ രാജ്യങ്ങള്‍ക്ക് ഒരു പ്രത്യേക താല്‍പര്യമുണ്ട്. മലയാളി നഴ്സുമാരുടെ സേവന മനോഭാവം തന്നെയാണ് ഇതിന്റെ പ്രധാന കാരണം. നിലവില്‍ കേരളത്തില്‍ നിന്നുള്ള അഞ്ച് ലക്ഷത്തിലധികം നഴ്‌സുമാര്‍ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. നഴ്സുമാരുടെ ക്ഷാമത്തെ തുടര്‍ന്ന് പല രാജ്യങ്ങളും നിയമനത്തിനുള്ള നിബന്ധനകളില്‍ ഇളവ് വരുത്തിയതും നഴ്സുമാരുടെ വിദേശത്തേക്കുള്ള പറിച്ചുനടലിന് കാരണമായി.

ഫിലിപ്പൈന്‍സ് കഴിഞ്ഞാല്‍ ഏറ്റവുമധികം നഴ്സുമാര്‍ പഠിച്ചിറങ്ങുന്ന ലോകത്തെ രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. കേരളത്തില്‍ മാത്രം ഓരോ വര്‍ഷവും 9841 പേര്‍ പഠനം പൂര്‍ത്തിയാക്കി നഴ്സുമാരായി പുറത്തിറങ്ങുന്നു. ബിഎസ് സി വിഭാഗത്തില്‍ 6930 പേരും ജനറല്‍ വിഭാഗത്തില്‍ 2911 പേരുമാണ് നഴ്സിംഗ് ബിരുദം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത്. എന്നാല്‍ ഇത്രയധികം വിദ്യാര്‍ത്ഥികള്‍ ഓരോ വര്‍ഷവും പുറത്തിറങ്ങിയിട്ടും വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ് സംസ്ഥാനത്ത് സമീപ ഭാവിയില്‍ത്തന്നെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാരുടെ ക്ഷാമം അതിരൂക്ഷമാകുമെന്നാണ്. ഉയര്‍ന്ന ശമ്പളവും മെച്ചപ്പെട്ട ജീവിത നിലവാരവും ലക്ഷ്യമാക്കി നഴ്സുമാര്‍ കടല്‍ കടക്കുന്നതാണ ്പ്രതിസന്ധിക്ക് കാരണമാകുന്നത്.

ലോണെടുത്ത് പഠിച്ചിറങ്ങിയവര്‍ക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് തങ്ങളുടെ ലോണ്‍ തുക അനായാസമായി തിരിച്ചടിക്കാന്‍ വിദേശ ജോലി അവരെ സഹായിക്കുന്നു. മൂന്നു ലക്ഷം രൂപ വരെയാണ് വിദേശ രാജ്യങ്ങളില്‍ നഴ്സുമാര്‍ക്ക് ലഭിക്കുന്നത്. മലയാളികള്‍ ഇന്ന് ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. സൗദി അറേബ്യയില്‍ 21.5 ശതമാനവും യു എ ഇയില്‍ 15 ശതമാനവും കുവൈത്തില്‍ 12 ശതമാനവും ഖത്വറില്‍ 5.7 ശതമാനവും നഴ്‌സുമാര്‍ മലയാളികളാണ്. ജനറല്‍, ബിഎസ്സി നഴിസ്ംഗ് പഠിച്ചിറങ്ങിയവര്‍ക്ക് പ്രവൃത്തി പരിചയമില്ലെങ്കില്‍ക്കൂടി കെയര്‍ ഗിവര്‍ തസ്തികയില്‍ വിദേശരാജ്യങ്ങളില്‍ അവര്‍ക്ക് ജോലി ചെയ്യാന്‍ കഴിയും.

ജര്‍മ്മനി പോലെയുള്ള ചില രാജ്യങ്ങളില്‍ നഴ്‌സിംഗ് പഠനം സ്‌റ്റൈഫന്‍ഡോടുകൂടി സൗജന്യമാണ്. യു എ ഇയില്‍ ജോലി ലഭിക്കാന്‍ നേരത്തേ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും യു എ ഇ ആരോഗ്യ വിഭാഗത്തിന്റെ എഴുത്തുപരീക്ഷ പാസ്സാകുകയും വേണമായിരുന്നു. എന്നാലിപ്പോള്‍ ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത യൂനിവേഴ്സിറ്റിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റും നഴ്സിംഗ് കൗണ്‍സിലിന്റെ രജിസ്ട്രേഷനും സ്വഭാവ സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ക്ക് യുഎഇ ആരോഗ്യ വകുപ്പിന്റെ പരീക്ഷ എഴുതി അവിടുത്തെ ആശുപത്രികളില്‍ ജോലി ചെയ്യാവുന്നതാണ്. ഇംഗ്ലീഷ് പരിജ്ഞാനത്തിനുള്ള ഐ ഇ എല്‍ ടി എസ് പോലുള്ള പരീക്ഷകളും പല രാജ്യങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

കോവിഡിനു ശേഷം ആഗോള തലത്തില്‍ ആതുര ശുശ്രൂഷകര്‍ക്കുള്ള ആവശ്യം വര്‍ധിച്ചിരിക്കുകയാണ്. ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ഫോര്‍ നഴ്സസിന്റെ കണക്കനുസരിച്ച് രാജ്യാന്തര തലത്തില്‍ നിലവില്‍ 60 ശതമാനത്തോളം ഒഴിവുകളുണ്ട്. അമേരിക്ക, യൂറോപ്യന്‍ യൂനിയന്‍, ആസ്ത്രേലിയ, ഗള്‍ഫ് രാജ്യങ്ങള്‍, സിംഗപ്പൂര്‍ തുടങ്ങി എല്ലാ വികസിത, വികസ്വര രാജ്യങ്ങളിലും നഴ്സുമാര്‍ക്ക് അവസരങ്ങളുണ്ട്. അതായത് കേരളത്തില്‍ നിന്ന് വിദേശത്തേക്കുള്ള നഴ്സുമാരുടെ കുടിയേറ്റം തുടരുകയല്ലാതെ അവസാനിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് സാരം. അങ്ങനെയവര്‍ കടല്‍ കടക്കാതിരിക്കണമെങ്കില്‍ ചുരുങ്ങിയത് ചെയ്യുന്ന ജോലിക്ക് അര്‍ഹമായ പ്രതിഫലമെങ്കിലും അവര്‍ക്കിവിടെ ലഭിക്കണം. അതില്ലാത്തിടത്തോളം ഇവിടെ നിന്നിനിയും വിമാനങ്ങള്‍ നഴ്സുമാരേയും കൊണ്ട് ഉയര്‍ന്നുപൊങ്ങും.

(പരമ്പര അവസാനിച്ചു)

(മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക. കാസര്‍ഗോഡ് വിഷന്‍ എന്ന ചാനലിലൂടെ ന്യൂസ് റീഡറായാണ് ആഷാ മാത്യു മാധ്യമരംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് റിപ്പോര്‍ട്ടര്‍ ടിവിയില്‍ സബ് എഡിറ്ററായി മൂന്നു വര്‍ഷം ജോലി ചെയ്തു. നിലവില്‍ അമേരിക്കയില്‍ നിന്നുള്ള മലയാളം ഓണ്‍ലൈന്‍ പത്രമായ കേരളാടൈംസില്‍ സീനിയര്‍ സബ് എഡിറ്ററാണ്. ഫ്രീലാന്‍സ് റൈറ്റിംഗും ചെയ്യുന്നു. For contact: ashamathew9515@gmail.com)

LEAVE A REPLY

Please enter your comment!
Please enter your name here