മുംബൈ: മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി രാജിവെച്ചു. രാജി രാഷ്ട്രപതി സ്വീകരിച്ചു. നിലവിലെ ജാര്‍ഖണ്ഡ്‌ ഗവര്‍ണര്‍ രമേശ് ബൈസിനെ മഹാരാഷ്ട്ര ഗവര്‍ണറായി നിയമിച്ചു. കോഷിയാരി നേരത്തെ രാജി സന്നദ്ധതയറിയിച്ചിരുന്നു.

 

രാഷ്ട്രീയമായ എല്ലാ ഉത്തരവാദിത്വങ്ങളും വിട്ടൊഴിഞ്ഞ് ശിഷ്ടകാലം വായനയും എഴുത്തുമായി കഴിയാനാണ് തനിക്ക് താത്പര്യമെന്ന് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് മഹാരാഷ്ട്ര ഗവര്‍ണറാകുമെന്ന്‌ അഭ്യൂഹങ്ങളുണ്ടായിരുന്നു.

 

കോഷിയാരിയുടേതിന് പുറമേ, ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ രാധാകൃഷ്ണന്‍ മാഥുറിന്റെ രാജിയും രാഷ്ട്രപതി സ്വീകരിച്ചു. ബിഹാര്‍, അസം, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് അടക്കമുള്ള 12 സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചും രാഷ്ട്രപതി ഉത്തരവിറക്കി. രാജിവെച്ച രാധാകൃഷ്മന്‍ മാഥുറിന് പകരക്കാരനായി റിട്ട. ബ്രിഗേഡിയര്‍ ബി.ഡി. മിശ്രയെ ലഡാക്ക് ഗവര്‍ണറായും നിയമിച്ചു.

 
 

ഫെബ്രുവരി അവസാനം തിരഞ്ഞെടുപ്പ് നടക്കുന്ന നാഗാലാന്‍ഡില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ബി.ജെ.പി. നേതാവായ ലാ ഗണേശനെ ഗവര്‍ണറായി നിയമിച്ചു. നിലവില്‍ മണിപ്പൂര്‍ ഗവര്‍ണറാണ് ഇദ്ദേഹം. ജനുവരി നാലിന് വിരമിച്ച സുപ്രീംകോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് എസ്. അബ്ദുള്‍ നസീറിനെ ആന്ധ്രാ പ്രദേശ് ഗവര്‍ണറായും നിയമിച്ചു. ജാര്‍ഖണ്ഡ് ഗവര്‍ണറായി നിയമിക്കപ്പെട്ട സി.പി. രാധാകൃഷ്ണന്‍ നേരത്തെ കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള ബി.ജെ.പി. നേതാവാണ്.

 

പുതിയ ഗവര്‍ണര്‍മാര്‍
1. ലെഫ്. ജനറല്‍ കൈവല്യ ത്രിവിക്രം പര്‍നായിക്- അരുണാചല്‍ പ്രദേശ്
2. ലക്ഷ്മണ്‍ പ്രസാദ് ആചാര്യ- സിക്കിം
3. സി.പി. രാധാകൃഷ്ണന്‍- ജാര്‍ഖണ്ഡ്
4. ശിവ് പ്രതാപ് ശുക്ല- ഹിമാചല്‍ പ്രദേശ്
5. ഗുലാബ് ചന്ദ്‌ കത്താരിയ- അസം
6. റിട്ട. ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍- ആന്ധ്രാ പ്രദേശ്
7. ബിശ്വ ഭൂഷണ്‍ ഹരിചന്ദന്‍- ഛത്തീസ്ഗഢ് (നിലവിലെ ആന്ധ്രാ പ്രദേശ് ഗവര്‍ണര്‍)
8. അനസൂയ ഉയ്‌ക്വെ- മണിപ്പൂര്‍ (നിലവിലെ ഛത്തീസ്ഗഢ് ഗവര്‍ണര്‍)
9. ലാ. ഗണേശന്‍- നാഗാലാന്‍ഡ് (നിലവിലെ മണിപ്പൂര്‍ ഗവര്‍ണര്‍)
10. ഫാഗു ചൗഹാന്‍- മേഘാലയ (നിലവിലെ ബിഹാര്‍ ഗവര്‍ണര്‍)
11. രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍- ബിഹാര്‍ (നിലവിലെ ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍)
12. രമേശ് ബൈസ്- മഹാരാഷ്ട്ര (നിലിവലെ ജാര്‍ഖണ്ഡ് ഗവര്‍ണര്‍)
13. റിട്ട. ബ്രിഗേഡിയര്‍ ബി.ഡി. മിശ്ര- ലെഫ്. ഗവര്‍ണര്‍, ലഡാക്ക് (നിലവിലെ അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍)

LEAVE A REPLY

Please enter your comment!
Please enter your name here