യുഎസില്‍ മിസോറിയിലുള്ള ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ റിപ്പ്ഡ് ജീന്‍സ് ടേപ്പ് കൊണ്ട് ഒട്ടിച്ച് ടീച്ചര്‍. റിപ്പ്ഡ് ജീന്‍സ് ധരിച്ചു സ്‌കൂളില്‍ വന്ന വിദ്യാര്‍ത്ഥിക്കെതിരെ ടീച്ചറെടുത്ത നടപടി വന്‍ വിവാദമായിരിക്കുകയാണ്. കൗമാരക്കാരിയായ വിദ്യാര്‍ത്ഥിയുടെ റിപ്പ്ഡ് ജീന്‍സില്‍ അറ്റകുറ്റപ്പണികള്‍ക്ക് ഉപയോഗിക്കുന്ന ടേപ്പ് ഒട്ടിച്ചു എന്നതാണ് ടീച്ചര്‍ക്കെതിരെ വന്നിരിക്കുന്ന പരാതി.

വിദ്യാര്‍ത്ഥിയുടെ അമ്മയാണ് ടിക് ടോക് വീഡിയോയിലൂടെ ഈ പരാതി ഉന്നയിച്ചിരിക്കുന്നത്. വീഡിയോ വ്യാപകമായ ശ്രദ്ധ നേടിയതോടെ സംഭവം ചര്‍ച്ച ചെയ്യപ്പെടുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ വസ്ത്രധാരണത്തില്‍ വലിയ രീതിയില്‍ അധ്യാപകര്‍ ഇടപെടുന്നതും, ഇതിന്റെ പേരില്‍ ശിക്ഷാനടപടികള്‍ കൈക്കൊള്ളുന്നതും വിദ്യാര്‍ത്ഥികളെ മാനസികമായി ബാധിക്കുമെന്നാണ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അധികപേരും ചൂണ്ടിക്കാട്ടുന്നത്.

അതേസമയം തന്റെ മകള്‍ക്ക് സ്‌കിന്‍ അലര്‍ജിയുണ്ടെന്നും അതിനാല്‍ തന്നെ ടീച്ചര്‍ പാന്റ്‌സില്‍ ടേപ്പ് ഒട്ടിച്ച ശേഷം മകള്‍ക്ക് അസ്വസ്ഥതയുണ്ടായി എന്നുമാണ് വിദ്യാര്‍ത്ഥിയുടെ അമ്മ വീഡിയോയില്‍ പറയുന്നത്. തുടയുടെ ഭാഗത്തായാണ് ടീച്ചര്‍ ടേപ്പൊട്ടിച്ചിരിക്കുന്നത്. ഇത് ഈ ഭാഗത്തെ ചര്‍മ്മത്തില്‍ ഏറെ നേരം ഉരഞ്ഞു എന്നാണ് ഇവര്‍ പറയുന്നത്.

ഡിസംബറിലാണ് സംഭവം നടന്നത്. എന്നാല്‍ ടിക് ടോക് വീഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടത് ഇപ്പോഴാണ്. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നതെന്ന് ‘ന്യൂയോര്‍ക്ക് പോസ്റ്റ്’ചൂണ്ടിക്കാട്ടുന്നു. വീഡിയോ വൈറലായതോടെ സംഭവം ചര്‍ച്ചകളില്‍ നിറയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here