യുക്രെയ്ന്‍ ഒരിക്കലും റഷ്യയുടെ വിജയമാകില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. സാമ്രാജ്യത്തെ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന ഏകാധിപതിക്ക് ഒരിക്കലും ജനങ്ങളുടെ സ്വാതന്ത്യത്തോടുള്ള സ്നേഹത്തെ വില കുറച്ചുകാണാന്‍ കഴിയില്ല. ക്രൂരത ഒരിക്കലും സ്വാതന്ത്ര്യമെന്ന അവകാശത്തെ തകര്‍ക്കില്ലെന്നും ബൈഡന്‍ പറഞ്ഞു. യുക്രെയ്നിലെ റഷ്യന്‍ അധിനിവേശം നടന്ന് ഒരു വര്‍ഷം ആകാനിരിക്കെയാണ് യുഎസ് പ്രസിഡന്റിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ ബൈഡന്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെ പോളണ്ടിലെത്തിയ പ്രസിഡന്റ് അവിടെ വെച്ചാണ് പ്രതികരണം നടത്തിയത്. ‘റഷ്യ യുക്രെയ്നെ ആക്രമിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. അവര്‍ കീവിന്റെ വീഴ്ചക്കായി കാത്തിരുന്നു. എന്നാല്‍ താന്‍ വരുന്നത് കീവില്‍ നിന്നാണ്. യുക്രെയ്ന്‍ ഇപ്പോള്‍ ശക്തമായി നിലനില്‍ക്കുകയാണ്. റഷ്യ നടത്തിയ അതിക്രമങ്ങളെ യുക്രെയ്ന്‍ ജനത ശക്തമായി നേരിട്ടു’ യുഎസ് പ്രസിഡന്റ് പറഞ്ഞു.

യുക്രെയ്നുമേല്‍ ആക്രമണം നടത്താനുള്ള റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ തീരുമാനം തെറ്റായിരുന്നു. മാനുഷികതയ്ക്ക് നേരെയുള്ള കടന്നാക്രമണമാണ് റഷ്യ നടത്തിയത്. യുക്രെയ്നുമേല്‍ ഒരു കാലത്തും റഷ്യക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. സമീപകാല ചരിത്രങ്ങളില്‍ ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് സുരക്ഷാ സന്നാഹങ്ങളില്ലാതെ ഒരു യുദ്ധഭൂമി സന്ദര്‍ശിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് യുക്രെയ്ന്‍ സന്ദര്‍ശിക്കുന്നില്ലെന്നായിരുന്നു വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം വരെ മറുപടി നല്‍കിയിരുന്നത്.

അതീവ രഹസ്യ നീക്കത്തിനൊടുവിലായിരുന്നു യുഎസ് പ്രസിഡന്റിന്റെ യുക്രൈന്‍ സന്ദര്‍ശനം.യുക്രെയ്ന്‍ സന്ദര്‍ശിച്ച ജോ ബൈഡന്‍ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. യുക്രെയ്നൊപ്പം അമേരിക്ക ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയ ബൈഡന്‍ ആയുധങ്ങളും സൈനിക ഉപകരണങ്ങളുമടക്കം 50 കോടി യുഎസ് ഡോളറിന്റെ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യന്‍ ആക്രമണത്തില്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ അമേരിക്കക്ക് കഴിഞ്ഞില്ല എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ജോ ബൈഡന്‍ യുക്രെയ്നിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here