രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയ്ക് വലിയ സാധ്യതകളാണുള്ളതെന്ന് എല്‍ഐസി മാനേജിംഗ് ഡയറക്റ്റര്‍ ബി സി പട്നായിക്ക്. ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളവര്‍ വളരെ കുറവാണ്. ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ പ്ലാന്‍ തുടങ്ങിയവയ്ക്ക് വലിയ വിടവാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ധനം ബിസിനസ് മാഗസിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്മെന്റ് രംഗത്തെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംഗമമായ ധനം ബിഎഫ്എസ്ഐ സമിറ്റും അവാര്‍ഡ് ദാന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉപഭോക്താക്കള്‍ എടുക്കുന്ന ഇന്‍ഷുറന്‍സ് അവരുടെ ആവശ്യങ്ങള്‍ നേടാന്‍ മാത്രം പര്യാപ്തമല്ല. 10 ലക്ഷം കവറേജ് വേണ്ട സ്ഥാനത്ത് 1.7 ലക്ഷത്തിന്റെ കവറേജ് മാത്രമാണ് ആളുകള്‍ എടുക്കുന്നതെന്നും എല്‍ഐസി മാനേജിംഗ് ഡയറക്റ്റര്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക സാക്ഷരതയുടെ പ്രാധാന്യം കേരളം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്മിറ്റില്‍ ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ ‘ഫ്യൂച്ചര്‍ ഓഫ് ബാങ്കിംഗ്’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. രാജ്യത്തെ ബാങ്കുകളുടെ ഭാവി ശോഭനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് അനുസൃതമായി ബാങ്കുകള്‍ കൂടുതല്‍ ശാഖകള്‍ തുറക്കും.

അടിസ്ഥാന സൗകര്യ വികസനം, ഹരിത പദ്ധതികള്‍, വാണിജ്യ രംഗം എന്നീ മേഖലകളില്‍ ഫണ്ടിംഗ് സാധ്യതകള്‍ കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു.


ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്ത് പ്രധാനമായും ആധാര്‍, ഇ-കെവൈസി, യുപിഐ, ഒഎന്‍ഡിസി (ONDC) എന്നിങ്ങനെ നാല് ഗെയിം ചേഞ്ചറുകളാണ് ഉള്ളതെന്ന് സമ്മിറ്റില്‍ സംസാരിക്കവെ
മുത്തൂറ്റ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ നടക്കുന്ന സമിറ്റിലും അവാര്‍ഡ് നൈറ്റിലുമായി ബാങ്കിംഗ്, ഫിനാന്‍സ്, നിക്ഷേപ, ഇന്‍ഷുറന്‍സ് മേഖലയില്‍ നിന്നുള്ള 20 ഓളം വിദഗ്ധര്‍ പ്രഭാഷണങ്ങള്‍ നടത്തി

 


ഫോട്ടോ – ധനം ബിഎഫ്എസ്ഐ സമിറ്റ് എല്‍ഐസി എംഡി ബി. സി പട്നായിക് ഉല്‍ഘാടനം ചെയ്യുന്നു. ധനം എക്സിക്യൂട്ടീവ് എഡിറ്റര്‍ മരിയ ഏബ്രഹാം, ഇക്വറ്റി ഇന്റലിജന്‍സ് സ്ഥാപകന്‍ പൊറിഞ്ചു വെളിയത്ത്, ക്രെഡിറ്റ് ആക്സസ് ഗ്രാമീണ്‍ ചെയര്‍മാന്‍ ജോര്‍ജ് ജോസഫ്, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാന്‍ പിആര്‍ രവി മോഹന്‍, സാമ്പത്തിക വിദഗ്ധന്‍ വേണുഗോപാല്‍ സി ഗോവിന്ദ്, മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍, മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വിപി നന്ദകുമാര്‍, ധനം എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ കുര്യന്‍ ഏബ്രഹാം, സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ് (കേരള) പേട്രണ്‍ ഏബ്രഹാം തര്യന്‍ എന്നിവര്‍ സമീപം

LEAVE A REPLY

Please enter your comment!
Please enter your name here