കറാച്ചി: സര്‍വകലാശാല പരീക്ഷയില്‍ സഹോദരനും സഹോദരിയും തമ്മിലുള്ള ലൈംഗികതയെക്കുറിച്ചുള്ള ചോദ്യത്തെ തുടര്‍ന്ന് പാകിസ്ഥാനില്‍ വിവാദം പുകയുന്നു. ഇസ്ലാമാബാദിലെ കോംസാറ്റ്‌സ് യൂണിവേഴ്‌സിറ്റിയാണ് സഹോദരനും സഹോദരിയും തമ്മിലുള്ള ലൈംഗികതയെ കുറിച്ച് അഭിപ്രായം എഴുതാന്‍ ആവശ്യപ്പെട്ടത്. ഇതിനെതിരെ സാമൂഹ്യ-രാഷ്ട്രീയ -വിദ്യാര്‍ത്ഥി സംഘടനകള്‍ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാന ആഴ്ചയില്‍ ബാച്ച്‌ലര്‍ ഓഫ് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കായി നടന്ന പരീക്ഷയിലാണ് വിവാദചോദ്യം. ജൂലി-മാര്‍ക്ക് സിനാരിയോ എന്ന ടൈറ്റിലിലുള്ള പാര?ഗ്രാഫ് വായിച്ച് ആ വിഷയത്തില്‍ ലേഖനം എഴുതാനായിരുന്നു ചോദ്യം. സഹോദരി-സഹോദരന്‍മാരയ ജൂലിയും മാര്‍ക്കും സമ്മര്‍ വെക്കേഷനില്‍ ഫ്രാന്‍സില്‍ ഒരുമിച്ച് യാത്ര ചെയ്യുന്നതും പിന്നീട് പ്രണയത്തിലേര്‍പ്പെടുന്നതുമാണ് കുറിപ്പിലുള്ളത്. ഈ വിഷയത്തില്‍ വിദ്യാര്‍ത്ഥികളുടെ കാഴ്ച്ചപ്പാടാണ് ചോദ്യമായി സര്‍വ്വകലാശാല മുന്നോട്ട് വെച്ചിരിക്കുന്നത്. സംഭവം പുറത്തുവന്നതോടെ വിവിധ മേഖലകളിലുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു.

അഭിനേതാവും ഗായകനുമായ മിശിഖാന്‍ വിമര്‍ശനവുമായി രംഗത്തെത്തി. കോംസാറ്റ്‌സ് സര്‍വ്വകലാശാലയെക്കുറിച്ച് ലജ്ജിക്കുന്നുവെന്ന് മിശിഖാന്‍ ട്വീറ്റ് ചെയ്തു. ‘നിങ്ങളുടെ ദയനീയമായ സര്‍വകലാശാല അടച്ചു പൂട്ടണം. ലൈംഗിക വൈകൃതമുള്ള അധ്യാപകരെ പുറത്താക്കണമെന്നും ആരാണ് ഇത്തരത്തില്‍ മാലിന്യമുള്ള ചോദ്യങ്ങള്‍ക്കു പിറകിലെന്നും’ മിശിഖാന്‍ ചോദിച്ചു. രാജ്യത്തെ യുവാക്കളുടെ സംസ്‌കാരവും മതമൂല്യവും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് പാക്കിസ്ഥാനിലെ ഉയര്‍ന്ന സര്‍വ്വകലാശാലകളെന്ന് ഷെഹ്രിയാര്‍ ബുഖാരി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, ചോദ്യം തയ്യാറാക്കിയ അധ്യാപികയെ പുറത്താക്കുകയും കരിമ്പട്ടികയില്‍ പെടുത്തിയെന്നും ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചോദ്യം വളരെ ദോഷകരമായതും ഇസ്ലാമിക രാജ്യമായ പാകിസ്ഥാന്റെ ധാര്‍മ്മികതക്ക് എതിരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ചോദ്യം വളരെ അസ്വസ്ഥത സൃഷ്ടിച്ചുവെന്നും സര്‍വ്വകലാശാല അധികൃതര്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here