ഹുബ്ബാളി: വിമാനത്തില്‍ സഹയാത്രികയുടെ സീറ്റില്‍ മൂത്രമൊഴിച്ച് സഹയാത്രികന്‍ കുടുങ്ങിയതിന്റെ വാര്‍ത്തയും വിവാദവും പൂര്‍ണ്ണമായും അവസാനിച്ചെന്ന് പറയാറായിട്ടില്ല. അപ്പോഴേയ്ക്കും സമാന രീതിയില്‍ മറ്റൊരു മൂത്രവിസര്‍ജ്ജന വാര്‍ത്തയും പുറത്തുവരുന്നു. ഇത്തവണ വിമാനത്തില്‍ അല്ല കര്‍ണാടക സര്‍ക്കാരിന്റെ ട്രാന്‍സ്‌പോര്‍ട്ട് ബസിലാണ് സംഭവം.

കര്‍ണാടകാ സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ നോണ്‍ – എസി ബസില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വിജയപുരയില്‍ നിന്നും മംഗലുരുവിന് പോയ കെ.എ. – 19 എഫ് – 3554 എന്ന ബസില്‍ രാത്രിയാത്രയ്ക്കിടയില്‍ ഹുബ്ബാലിയ്ക്ക് സമീപം കിരേസുറില്‍ അത്താഴം കഴിക്കാനായി ബസ് ഒരു ധാബയ്ക്ക് മുമ്പില്‍ നിര്‍ത്തിയപ്പോള്‍ 20 കാരിയായ സഹയാത്രികയുടെ സീറ്റില്‍ 32 കാരന്‍ മൂത്രവിസര്‍ജ്ജനം നടത്തുകയായിരുന്നു.

 

ഗാലേഷ് യദവാഡ് എന്ന യാത്രക്കാരനാണ് മോശം പെരുമാറ്റം നടത്തിയത്. പെണ്‍കുട്ടി ഇയാളുടെ നേരെ ഒച്ചവെച്ച് പ്രതിഷേധിച്ചതോടെ മറ്റു യാത്രക്കാരും ബസിലെ ജോലിക്കാരും അവരുടെ സഹായത്തിനായി എത്തുകയും യുവാവിനെ നേരിടുകയുമായിരുന്നു. മദ്യപിച്ചു ലക്കുകെട്ട അവസ്ഥയിലായിരുന്നു യുവാവ്. സഹയാത്രികരോടും ബസ് ജീവനക്കാരോടും ഇയാള്‍ മോശമായി പെരുമാറി. പെരുമാറ്റം നിയന്ത്രിക്കാന്‍ കഴിയാതായതോടെ എല്ലാവരും ചേര്‍ന്ന് നിര്‍ബ്ബന്ധിച്ച് പുറത്താക്കി. അതേസമയം പെണ്‍കുട്ടി പരാതിപ്പെടാന്‍ തയ്യാറായില്ല.

അതേസമയം ബസ് ജീവനക്കാരില്‍ നിന്നും വിവരം കിട്ടിയതായി കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടിയുടേത് മൂന്നാം നമ്പര്‍ സീറ്റായിരുന്നു. വിജയപുരയില്‍ നിന്നും ഹുബ്ബാലിയിലേക്കായിരുന്നു പെണ്‍കുട്ടിയുടെ യാത്ര. യുവാവ് വിജപുരയില്‍ നിന്നും മംഗലുരുവിലേക്കും ഇയാള്‍ 28-29 സീറ്റിലായിരുന്നു. താന്‍ മെക്കാനിക്കല്‍ എഞ്ചിനീയറാണെന്നാണ് യുവാവ് പറഞ്ഞതെന്നും ബസിലെ മറ്റു യാത്രക്കാര്‍ പറഞ്ഞു.

ബസ് ജീവനക്കാര്‍ സീറ്റ് വൃത്തിയാക്കുകയും പെണ്‍കുട്ടിയ്ക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ ബസില്‍ ആരും ഉണ്ടായിരുന്നില്ലെന്നും എല്ലാവരും ഭക്ഷണം കഴിക്കാന്‍ ധാബയിലേക്ക് പോയിരുന്നെന്നും ഭക്ഷണത്തിന് ശേഷം പെണ്‍കുട്ടി വന്നപ്പോള്‍ യുവാവ് സീറ്റില്‍ മൂത്രമൊഴിക്കുന്നത് കണ്ട് ഇവര്‍ ബസ് ജീവനക്കാരെ ഉടന്‍ തന്നെ അറിയിക്കുകയായിരുന്നെന്നാണ് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പറഞ്ഞത്. കഴിഞ്ഞ നവംബര്‍ 26 ന് ന്യൂയോര്‍ക്ക് ന്യൂഡല്‍ഹി എയര്‍ ഇന്ത്യാ വിമാനത്തിലെ ബിസിനസ് ക്ലാസ്സില്‍ മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്‍ സഹയാത്രിയ്ക്ക് നേരെ മൂത്രമൊഴിച്ചത് വലിയ വിവാദമായി മാറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here