യുഎസ് വ്യോമസേനയില്‍ അംഗമായ യുവാവിനെ രഹസ്യ സ്വഭാവമുള്ള ഗവണ്‍മെന്റ് രേഖകള്‍ ഡിസ്‌കോര്‍ഡ് എന്ന ആപ്പില്‍ ചോര്‍ത്തിയെന്ന കുറ്റത്തിനു വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി അറ്റോണി ജനറല്‍ മെറിക് ഗാര്‍ലന്‍ഡ് അറിയിച്ചു. ജാക്ക് ഡഗ്ലസ് റ്റിസ്‌കിയേറ (21) പിടിയിലായത് മാസച്യുസെറ്‌സില്‍ നോര്‍ത്ത് ഡിറ്റണിലുള്ള വീട്ടില്‍ നിന്നാണ്. മാസച്യുസെറ്റ്‌സ് എയര്‍ നാഷനല്‍ ഗാര്‍ഡ് അംഗമാണ് പ്രതി.

കൗമാര പ്രായക്കാരുടെ ഇടയില്‍ ഏറെ പ്രീതിയുള്ള ഡിസ്‌കോര്‍ഡ് ആപ്പില്‍ റ്റിസ്‌കിയേറ അപ്‌ലോഡ് ചെയ്യുന്ന രഹസ്യ രേഖകള്‍ ഒട്ടേറെപ്പേര്‍ കാണാറുണ്ടെന്നു എഫ് ബി ഐ വൃത്തങ്ങള്‍ പറഞ്ഞു. ട്വിറ്ററിലും ടെലഗ്രാമിലും രേഖകള്‍ പോസ്റ്റ് ചെയ്തിരുന്നു. ആരാണ് രേഖകള്‍ കയറ്റുന്നതെന്നു കണ്ടെത്താന്‍ എഫ് ബി ഐ രണ്ടു ദിവസം നിരീക്ഷണം നടത്തി. ഫോറന്‍സിക് തെളിവുകളാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത്. റ്റിസ്‌കിയേറയെ ബോസ്റ്റണ്‍ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കുമെന്നു ഗാര്‍ലന്‍ഡ് പറഞ്ഞു.

അന്വേഷണം പുരോഗമിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമ്പോള്‍ അറിയിക്കാം. സി എന്‍ എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് യുഎസ് സഖ്യ രാഷ്ട്രങ്ങളെയും ശതൃക്കളെയും കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളും വിലയിരുത്തലും ആണ് റ്റിസ്‌കിയേറ ചോര്‍ത്തിയ രേഖകളില്‍ പ്രധാനമായും ഉള്ളതെന്നാണ്. യുക്രൈന്‍ യുദ്ധത്തെ കുറിച്ചുള്ള വിവരങ്ങള്‍ അതില്‍ പെടുന്നു. കേപ് കോഡില്‍ ഓട്ടിസ് എയര്‍ നാഷനല്‍ ഗാര്‍ഡ് താവളത്തിലാണ് പ്രതി ജോലി ചെയ്തു വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here