ആഷാ മാത്യു

പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് ഓര്‍ഗനൈസേഷന്‍ പിയാനോയുടെ നേതൃത്വത്തില്‍ മെയ് 27ന് നഴ്‌സസ് ഡേ ആഘോഷം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് സാറാ ഐപ്പ് അറിയിച്ചു. ആധുനിക നഴ്‌സിംഗ് പ്രസ്ഥാനം ആരംഭിച്ച ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12നാണ് അന്താരാഷ്ട്ര നേഴ്‌സസ് ഡേ ആഘോഷിക്കുന്നതെങ്കിലും പിയാനോയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളോടെയുള്ള നഴ്‌സസ് ഡേ ആഘോഷം മെയ് 27നാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഫിലാഡല്‍ഫിയയിലെ ക്രിസ്റ്റോസ് മാര്‍തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാല് മണി മുതലാണ് പരിപാടികള്‍ക്ക് തുടക്കമാകുക.

ഡെപ്യൂട്ടി നഴ്സ് ഡയറക്ടര്‍ ഡോണ എം യാര്‍നല്‍ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തും. നൈന പ്രസിഡന്റ് സുജാ തോമസ് മുഖ്യാതിഥിയാകും. അഡ്വാന്‍സ്ഡ് പ്രാക്ടീസ് നഴ്സസിന്റെ പുതിയ കമ്മിറ്റിയുടെ ലോഞ്ചിംഗും അന്നേ ദിവസം നടക്കും. എപിആര്‍എന്‍ ചെയര്‍ ഡോ. ബിനു ഷാജിമോന്റെ നേതൃത്വത്തില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തി വരികയാണ്. ഇന്നത്തെ കാലഘട്ടത്തിന്റെ വെല്ലുവിളികളെ ഏറ്റെടുക്കാന്‍ തയ്യാറാകാനുള്ള സന്ദേശമാണ് ഈ പ്രത്യേക ദിവസം ആഘോഷിക്കുമ്പോള്‍ നഴ്‌സുമാര്‍ക്കായി പിയാനോ നല്‍കുന്നതെന്നും പ്രസിഡന്റ് സാറാ ഐപ്പ് പറഞ്ഞു.

ഫിലാഡല്‍ഫിയയിലെ പ്രമുഖ അറ്റോര്‍ണി ജോസ് കുന്നേല്‍, അമേരിക്കയില്‍ നിന്നുള്ള നഴ്‌സിംഗ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ആര്‍എന്‍ ഫോഴ്‌സിന്റെ ഉടമ വിജയ കുമാര്‍ എന്നിവരാണ് പിയാനോയുടെ നഴ്‌സസ് ഡേ ആഘോഷം സ്‌പോണ്‍സര്‍ ചെയ്യുന്നത്. പിയാനോ എന്ന സംഘടന രൂപീകൃതമായതു മുതല്‍ പിന്തുണയുമായി കൂടെ നില്‍ക്കുന്ന വ്യക്തിയാണ് ജോസ് കുന്നേല്‍. നഴ്‌സിംഗ് ഉദ്യോഗാര്‍ത്ഥികളുടെ എന്‍ക്ലെക്‌സ് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ഏറ്റെടുത്ത് അവരുടെ സ്വപ്നസാഫല്യത്തിന് തുണയാകുന്ന സ്ഥാപനമാണ് ആര്‍എന്‍ഫോഴ്‌സ്.

LEAVE A REPLY

Please enter your comment!
Please enter your name here