ബംഗളൂരു: ദിവസങ്ങൾ നീണ്ട നാടകീയ നീക്കങ്ങൾക്ക് വിരാമമിട്ട് സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി കോൺഗ്രസ് പ്രഖ്യാപിച്ചു. ഡി കെ ശിവകുമാറായിരിക്കും ‌‌ഏക ഉപമുഖ്യമന്ത്രി. കെ സി വേണുഗോപാലും രൺദീപ് സിംഗ് സുർജേവാലയും ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.ടേം വ്യവസ്ഥയില്ലെന്നും ശിവകുമാർ പാർട്ടി തീരുമാനങ്ങൾക്കൊപ്പം നിന്നുവെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

‘സിദ്ധരാമയ്യ വളരെ അനുഭവസമ്പത്തുള്ള നേതാവാണ്. വിശ്രമമില്ലാതെ അദ്ദേഹം തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചു. ഡി.കെ.ശിവകുമാർ കർണാടകയിൽ കോൺഗ്രസിന്റെ ഏറ്റവും വലിയ മുതൽക്കൂട്ടാണ്. രണ്ട് പേർക്കും മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ട്. അവർക്ക് അതിന് യോഗ്യതയുണ്ട്.ഭാരത് ജോഡോ യാത്രയുടെ ബാക്കിപത്രമാണ് കർണാടകയിൽ വിജയം നേടാൻ കഴിഞ്ഞത്. രാഹുൽ ഗാന്ധിക്കു നന്ദിപറയുന്നു. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കും നന്ദി പറയുന്നു’– വേണുഗോപാൽ പറഞ്ഞു.

ആഭ്യന്തര വകുപ്പുകളടക്കമുള്ള സുപ്രധാന വകുപ്പുകളാണ് ഡി കെ ശിവകുമാറിന് നൽകിയിരിക്കുന്നത്. കൂടാതെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കർണാടക പിസിസി അദ്ധ്യക്ഷനായി ഡികെ തുടരും. മറ്റന്നാളായിരിക്കും സത്യപ്രതിജ്ഞ. മുഖ്യമന്ത്രിക്കൊപ്പം ഏതാനും മന്ത്രിമാർ കൂടി അന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അറിയുന്നത്. എന്നാൽ ഇത് ആരൊക്കെയാണെന്ന് വ്യക്തമല്ല.

മുഖ്യമന്ത്രി പദത്തിനുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത ഡി കെ സോണിയാ ഗാന്ധിയുടെ അനുനയ നീക്കങ്ങൾക്ക് വഴങ്ങുകയായിരുന്നു. ആദ്യ രണ്ടു വർഷം സിദ്ധരാമയ്യയ്ക്കും ബാക്കി മൂന്നുവർഷം ശിവകുമാറിനും നൽകാമെന്ന ഹൈക്കമാൻഡിന്റെ പരിഹാര ഫോർമുല ശിവകുമാർ ആദ്യമേ തള്ളി. ഇതോടെ മുഖ്യമന്ത്രിയെ കണ്ടെത്താനാവാതെ ഹൈക്കമാൻഡ് പ്രതിസന്ധിയിലായി. ഇതേത്തുടർന്നാണ് സോണിയ നേരിട്ട് ഇടപെട്ടത്. ഇത് ലക്ഷ്യം കാണുകയായിരുന്നു. ആഭ്യന്തരം ഉൾ‌പ്പെടെ പ്രധാനപ്പെട്ട വകുപ്പുകൾ ശിവകുമാറിനു നൽകാമെന്നും ഹൈക്കമാൻഡ് ഉറപ്പുനൽകുകയും ചെയ്തു. ഇതോടെ പ്രതിസന്ധി ഒഴിയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here