ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരേയുള്ള പ്രതിഷേധം ശക്തമാക്കി സംയുക്ത പ്രതിപക്ഷം. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കുമെന്ന് 19 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി പ്രഖ്യാപിച്ചു. ജനാധിപത്യത്തിന്റെ ആത്മാവിനെത്തന്നെ പാർലമെന്റിൽനിന്നു പറിച്ചെടുക്കുന്പോൾ പുതിയൊരു കെട്ടിടത്തിന് പ്രാധാന്യമില്ലെന്നാണു സംയുക്ത പ്രസ്താവനയിൽ പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കിയത്.
എന്നാൽ, പ്രതിപക്ഷ കക്ഷികളുടെ ബഹിഷ്കരണ പ്രഖ്യാപനത്തിനു പിന്നാലെ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി മോദിതന്നെ ഉദ്ഘാടനം ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്ത്രര മന്ത്രി അമിത്ഷായാണു ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടീഷുകാർ നിർമിച്ച പാർലമെന്റിൽനിന്നും രാജ്യത്തിന്റെ സ്വന്തം മന്ദിരത്തിലേക്കാണു പാർലമെന്റ് മാറുന്നതെന്നും കൊളോണിയൽ കാലഘട്ടത്തിൽനിന്ന് പുതിയ കാലത്തേക്ക് മാറുകയാണെന്നും അമിത്ഷാ പറഞ്ഞു.
കോണ്ഗ്രസ്, ഡിഎംകെ, ആം ആദ്മി പാർട്ടി, ശിവസേന, സമാജ് വാദി പാർട്ടി, സിപിഐ, ജെഎംഎം, കേരള കോണ്ഗ്രസ്-എം, വിടുതലൈ ചിരുതലൈ കക്ഷി, ആർഎൽഡി, തൃണമൂൽ കോണ്ഗ്രസ്, ജെഡിയു, എൻസിപി, സിപിഎം, ആർജെഡി, മുസ്ലിം ലീഗ്, നാഷണൽ കോണ്ഫറൻസ്, ആർഎസ്പി, എംഡിഎംകെ തുടങ്ങിയ പ്രതിപക്ഷ പാർട്ടികളാണ് ഉദ്ഘാടനം ബഹിഷ്കരിക്കുന്നത്.
രാഷ്ട്രീയ ഭിന്നതകൾ മറന്നു പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ പ്രതിപക്ഷം ഒരുക്കമായിരുന്നുവെന്നും എന്നാൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി.
തികച്ചും ഏകാധിപത്യ രീതിയിലാണ് പുതിയ മന്ദിരത്തിന്റെ നിർമാണം തന്നെ നടത്തിയിരിക്കുന്നത്. ഈ അവസരത്തിൽ സർക്കാരിനോടുള്ള പ്രതിഷേധം രേഖപ്പെടുത്താനുള്ള അവസരമായി ഇതിനെ കാണുന്നുവെന്നും സംയുക്ത പ്രസ്താവനയിൽ പ്രതിപക്ഷപാർട്ടികൾ വ്യക്തമാക്കി.
പുതിയ പാർലമെന്റ് സ്വയം ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ഒതുക്കുകയാണെന്നും ഇത് ജനാധിപത്യത്തോടുള്ള അവഹേളനമാണെന്നു മാത്രമല്ല നേരിട്ടുള്ള കടന്നാക്രമണമാണെന്നും എതിർക്കപ്പെടേണ്ടതാണെന്നും പ്രസ്താവനയിൽ പറയുന്നു. ബ്രിട്ടീഷുകാരോട് പരിപൂർണ വിധേയത്വം പ്രഖ്യാപിച്ച ത്രീവ്ര നിലപാടുകളുള്ള സവർക്കറുടെ ജന്മദിനം തന്നെ ഉദ്ഘാടനത്തിനു തെരഞ്ഞെടുത്തത് കരുതിക്കൂട്ടിയാണെണെന്നും പ്രതിപക്ഷം ആരോപിച്ചു.