ന്യൂഡൽഹി: ബില്ലടിക്കുന്ന സമയത്ത് മൊബൈൽ നന്പർ ചോദിക്കുന്നത് ഉൾപ്പെടെ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടരുതെന്ന് ചില്ലറ വ്യാപാരികൾക്ക് ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ നിർദേശം.
നിരവധി ഉപഭോക്താക്കൾ പരാതി ഉന്നയിച്ചതിനെ തുടർന്നാണു നടപടി. ഫോണ് നന്പർ നൽകാൻ വിസമ്മതിച്ചാൽ പല വ്യാപാരികളും തങ്ങൾക്കു സേവനം നൽകുന്നില്ലെന്നായിരുന്നു ഉപഭോക്താക്കളുടെ പരാതി.
ഫോണ് കോളുകളിലൂടെയും ടെക്സ്റ്റ് മെസേജുകളിലൂടെയും തട്ടിപ്പുകൾ നടക്കുന്നതായുള്ള റിപ്പോർട്ടുകൾ വർധിക്കുന്ന സാഹചര്യത്തിലാണു ഉപഭോക്തൃ മന്ത്രാലയം ഇത്തരമൊരു നടപടിയിലേക്കു നീങ്ങിയത്.
വ്യക്തിഗതവിവരങ്ങൾ നൽകിയില്ലെങ്കിൽ ബിൽ തരാൻ കഴിയില്ലെന്നാണു വില്പനക്കാർ പറയുന്നത്. ഇത് അന്യായമാണ്. ഉപഭോക്തൃസംരക്ഷണ നിയമത്തിൽ അങ്ങനെയൊരു വ്യവസ്ഥയില്ല. വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനു പിന്നിൽ യാതൊരു യുക്തിയുമില്ലെന്നും ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ് പറഞ്ഞു.
ഉപഭോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച വിഷയമാണിത്. അതിനാൽ ഈ പ്രശ്നം പരിഹരിക്കുന്നതിന് ചില്ലറ വ്യാപാരികൾക്കും വ്യവസായികളുടെ കൂട്ടായ്മകളായ സിഐഐ, എഫ്ഐസിസിഐ എന്നിവയ്ക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിൽ നൽകാനായി ഉപഭോക്താക്കളുടെ മൊബൈൽ നന്പർ വ്യാപാരിക്കു നൽകണമെന്നത് ഇന്ത്യയിൽ നിർബന്ധമല്ല.