ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേയുള്ള ലൈംഗികാതിക്രമ പരാതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഗുസ്തി താരങ്ങള്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുപറയരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നുവെന്ന് സമരത്തിന്റ മുന്‍നിരയിലുള്ള ഗുസ്തി താരമായ ബജ്‌രംഗ് പുനിയ. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഗുസ്തി താരങ്ങള്‍ ഡല്‍ഹിയിലെ വസതിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നത്.

കൂടിക്കാഴ്ചയില്‍ അമിത് ഷായുമായി ഗുസ്തി താരങ്ങള്‍ ഒത്തുതിര്‍പ്പിലെത്തിയെന്ന ആക്ഷേപവും ബജ്‌രംഗ് പുനിയ തള്ളി. ചര്‍ച്ചയിലെ വിശദാംശങ്ങള്‍ പുറത്തുപറയരുതെന്ന് കേന്ദ്രസര്‍ക്കാര്‍ തങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുപോയത് കേന്ദ്രത്തില്‍നിന്ന് തന്നെയാണെന്നും ബജ്‌രംഗ് പുനിയ പറഞ്ഞു. ബ്രിജ് ഭൂഷണിനെതിരായ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് അമിത് ഷാ തങ്ങളോട് പറഞ്ഞതെന്നും ബജ്‌രംഗ് പുനിയ വ്യക്തമാക്കി.

ബ്രിജ് ഭൂഷണിനെ എന്തുകൊണ്ടാണ് ഇതുവരെയായിട്ടും അറസ്റ്റ് ചെയ്യാത്തതെന്ന ചോദ്യത്തിന് ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണെന്നും തീര്‍ച്ചയായും നടപടിയെടുക്കുമെന്നായിരുന്നു അമിത് ഷായുടെ മറുപടിയെന്നും ബജ്‌രംഗ് പുനിയ പറഞ്ഞു. എന്നാല്‍ വാക്കാല്‍ ഉറപ്പുതന്നതുകൊണ്ട് മാത്രം സമരത്തില്‍നിന്ന് പിന്‍മാറില്ലെന്നും സര്‍ക്കാരിന്റെ പ്രതികരണത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്നും ബജ്‌രംഗ് പുനിയ വ്യക്തമാക്കി.

സമരമുഖത്ത് നിന്നതുകൊണ്ട് റെയില്‍വേയിലെ ജോലി നഷ്ടപ്പെടുമെന്ന് തങ്ങള്‍ ഭയപ്പെടുന്നില്ലെന്നും ആരെങ്കിലും സമ്മര്‍ദ്ദം ചെലുത്തിയാല്‍ ജോലി ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും പുനിയ പറഞ്ഞു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സമരരംഗത്തുള്ള ബജ്‌രംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവര്‍ റെയില്‍വേയിലെ ജോലിയില്‍ തിരിക പ്രവേശിച്ചിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തോടായിരുന്നു ബജ് രംഗ് പുനിയയുടെ പ്രതികരണം.

ബ്രിജ് ഭൂഷണിനെതിരേ നടപടി ആവശ്യപ്പെട്ടുള്ള പ്രതിഷേധ സമരം അവസാനിച്ചിട്ടില്ലെന്നും സമരം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന കാര്യത്തില്‍ ആലോചന നടക്കുകയാണെന്നും പൂനിയ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here