റോം: കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ മോചിപ്പിക്കണമെന്ന് യു.എന്‍ മധ്യസ്ഥ കോടതി ഉത്തരവിട്ടതായി ഇറ്റലിയുടെ അവകാശവാദം. കോടതി ഉത്തരവ് പുറത്തുവന്നിട്ടില്ല. എന്നാല്‍, ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ ‘അന്‍സ’യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നാല് വര്‍ഷത്തിലേറെയായി ഡല്‍ഹിയില്‍ തടഞ്ഞുവച്ചിരിക്കുന്ന നാവികനെ ഉടന്‍ തിരിച്ചയയ്ക്കണമെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

എന്നാല്‍ മധ്യസ്ഥ കോടതിയുടെ ഉത്തരവ് ഇറ്റലി ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന് ഇന്ത്യ പ്രതികരിച്ചു. നാവികരുടെ മോചനവും ജാമ്യവും കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

2012 ഫിബ്രവരി 15 നാണ് കൊല്ലം നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ട് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ചത്. എന്റിക്ക ലെക്‌സി എന്ന ഇറ്റാലിയന്‍ ചരക്കുകപ്പലിന്റെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന നാവികരാണ് മത്സ്യത്തൊഴിലാളികളെ വെടിവച്ചത്. ഇറ്റാലിയന്‍ നാവികരായ മാസിമിലിയാനോ ലത്തോറെ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കടല്‍ക്കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്നായിരുന്നു ഇറ്റലിയുടെ വാദം. 

ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് നാവികരില്‍ ഒരാള്‍ ഇറ്റലിയിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ ഒരാള്‍ ഇന്ത്യയില്‍തന്നെ കഴിയുകയാണ്. നെതര്‍ലാന്‍ഡ്‌സിലെ ഹേഗിലുള്ള പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷനിലാണ് നാലുവര്‍ഷമായി (പി.സി.എ) കേസിന്റെ വിചാരണ നടക്കുന്നത്. വിഷയത്തില്‍ 2018 ഡിസംബറോടെ അന്താരാഷ്ട്ര മധ്യസ്ഥ നടപടികള്‍ പൂര്‍ത്തിയാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ സുപ്രിം കോടതിയെ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here