മുംബൈ: മാന്യന്മാരുടെ കളിയെന്നാണ് ക്രിക്കറ്റിനെ പൊതുവെ പറയാറ്. പക്ഷേ ചിലപ്പോഴൊക്കെ മാന്യന്മാരുടെ കളി കൈവിട്ട് പോകും. ചിലപ്പോൾ മൈതാനത്തിൽ വച്ച് കൈയേറ്റം വരെയാകും . എന്നാൽ ഈ രോക്ഷ പ്രകടനം എതിർ ടീമിലെ അംഗത്തോടാണ് പലപ്പോഴും കാണിക്കുന്നത്. പക്ഷേ ഇന്ത്യൻ താരം ഹർഭജൻ സിങ്ങിന് ദേഷ്യം വന്നാൽ പിന്നെ സ്വന്തം ടീം അംഗമാണോ എതിർ ടീം അംഗമാണോ എന്നൊന്നും നോക്കാറില്ല. അടിയെങ്കിൽ അടി തെറിയെങ്കിൽ തെറി ഇതാണ് ഭാജി സ്‌റ്റൈൽ. ഇത്തവണ ഭാജിയുടെ നാവിന്റെ ചൂട് അറിഞ്ഞത് സ്വന്തം ടീം അംഗമായി അമ്പാട്ടി റായിഡുവാണ്.

കഴിഞ്ഞ ദിവസം നടന്ന പൂനെ സൂപ്പർജയന്റ്സും മുംബൈ ഇന്ത്യൻസും തമ്മിലെ മത്സരത്തിനിടെയാണ് സംഭവം. ഹർഭജൻ എറിഞ്ഞ പത്താം ഓവറിലെ നാലാം പന്തിൽ സൗരഭ് തിവാരി അടിച്ച ഷോട്ട് ബൗണ്ടറിയിലെത്തും മുമ്പ് തടഞ്ഞിടാൻ അമ്പാട്ടി റായിഡുവിന് കഴിഞ്ഞില്ല. പന്തിനായി കൂടെയോടിയ ടിം സൗത്തിയുടെ കൺമുന്നിൽ വച്ച് പന്ത് ബൗണ്ടറി കടന്നു. അതുവരെ കൂടുതൽ റൺസുകൾ വിട്ടുകൊടുക്കാതെ പന്തെറിഞ്ഞ ഭാജിയുടെ കൺട്രോളു പോകാൻ കൂടുതൽ ഒന്നും വേണ്ടായിരുന്നു. നല്ല ഭാഷയിൽ പ്രതികരിച്ച ഭാജിയും അമ്പാട്ടി റായിഡുവും നേർക്കു നേർ നടന്നു നീങ്ങിയപ്പോൾ പ്രേക്ഷകർ വീണ്ടും ഒരടി മണത്തു. പക്ഷേ ഭാജി കൂളായത് പെട്ടെന്നാണ്. പക്ഷേ നാട്ടുകാരുടെ മുന്നിൽ വച്ച് സ്വന്തം ടീം അംഗം ചീത്ത വിളിച്ചത് അമ്പാട്ടി റായിഡുവിന് അത്ര സഹിച്ച മട്ടില്ല. നിറഞ്ഞ കണ്ണുകളുമായാണ് അദ്ധേഹം ബൗണ്ടറിയിലേക്ക് തിരി‌‌ഞ്ഞു നടന്നത്.

സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും ഇരുവരും പെട്ടെന്ന് തന്നെ മാന്യന്മാരുടെ കളിയിലേക്ക് തിരിച്ചുവന്നു. ഹർഭജന്റെ അടുത്ത ഓവറിൽ വിക്കറ്റ് വീണപ്പോൾ ഓടിയെത്തി കൈകൊടുക്കുകയും ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here