ബംഗളുരു: ബംഗളുരു നഗരത്തിൽ നാലിടത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട അഞ്ചംഗ സംഘം പിടിയിലായ കേസിൽ തടിയന്റവിട നസീറിനെ കർണാടക പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ബംഗളുരു സ്ഫോടന കേസിലെ മുഖ്യപ്രതിയായ തടിയന്റവിട നസീർ പാരപ്പന അഗ്രഹാര ജയിലിൽ തടവിൽ കഴിയുകയാണ്. എട്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വിടാൻ ബംഗളുരുവിലെ പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്.

ജൂലായ് 19നാണ് ബംഗളുരുവിൽ നാലിടങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്ന അഞ്ചംഗ സംഘം പിടിയിലായത്. ബംഗളുരു സ്വദേശികളായ സയ്യിദ് സുഹേൽ ഖാൻ (24),​ മുഹമ്മദ് ഉമർ (29)​,​ ഷാഹിദ് തബ്രേസ് (25)​,​ സയ്യിദ് മുദാഷിർ പാഷ (28)​,​ മുഹമ്മദ് ഫൈസൽ (30)​ എന്നിവരാണ് പിടിയിലായത്. പാരപ്പന അഗ്രഹാര ജയിലിൽ വച്ച് തീവ്രവാദ പ്രവർത്തനത്തിലേക്ക് നയിച്ചത് നസീറാണെന്ന് ഇവർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു .

സംഘത്തിന്റെ തലവനായ ജുനൈദ് വിദേശത്ത് ഒളിവിൽ കഴിയുകയാണ്. 2017ൽ ബിസിനസ് വൈരാഗ്യത്തെ തുടർന്ന് നൂർ അഹമ്മദ ് എന്നയാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് ജുനൈദും സംഘവും പാരപ്പന അഗ്രഹാര ജയിലിലെത്തുന്നത്. തുടർന്നാണ തടിയന്റവിട നസീറുമായി പരിചയത്തിലായത്. 18 മാസത്തിലധികം ജയിലിൽ കഴിഞ്ഞ സംഘത്തെ ഭീകരാക്രമണങ്ങൾക്ക് നസീർ പ്രേരിപ്പിച്ചു. 2019ൽ ജയിൽ മോചിതരായ ജുനൈദും സംഘവും ആർ.ടി നഗറിലെ വീട് കേന്ദ്രീകരിച്ച് ഭീകരാക്രമണം ആസൂത്രണം ചെയ്യുകയായിരുന്നു.

തീര്വവാദ സംഘടനയായ ലഷ്‌കർ ഇ തയ്ബയുടെ ദക്ഷിണേന്ത്യൻ കമാൻഡറായിരുന്ന നസീർ കളമശേരി ബസ് കത്തിക്കൽ കേസിലും കേരളത്തിൽ നിന്ന് യുവാക്കളെ തീവ്രവാദ പ്രവർത്തനത്തിനായി ജമ്മു കാശ്മീരിലേക്ക് റിക്രൂട്ട് ചെയ്ത കേസിലും പ്രതിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here