മണിപ്പൂർ കലാപത്തിൽ എഡിറ്റേഴ്സ് ഗിൽഡിനെതിരെ കേസെടുത്ത് സംസ്ഥാന സർക്കാർ. വിഷയത്തിൽ സർക്കാർ ഏകപക്ഷീയമായി ഇടപെട്ടെന്ന് എഡിറ്റേഴ്സ് ഗിൽഡ് ആരോപിച്ചിരുന്നു. കലാപം ആളികത്തിക്കാൻ എഡിറ്റേഴ്സ് ഗിൽഡ് ശ്രമിക്കുന്നു എന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് കുറ്റപ്പെടുത്തി. നാല് മാസമായി തുടരുന്ന കലാപത്തിൽ മണിപ്പുർ സർക്കാർ മെയ്തെയ് വിഭാഗത്തിനൊപ്പം നിന്നെന്ന് മാധ്യമ എഡിറ്റർമാരുടെ സംഘടനയായ എഡിറ്റേഴ്സ് ഗിൽഡിന്റെ വസ്തുതാന്വേഷണ സമിതി വിലയിരുത്തിയിരുന്നു. ഇംഫാലിലെ മാധ്യമങ്ങൾ കുക്കി വിരുദ്ധ വികാരം സൃഷ്ടിക്കും വിധം തെറ്റായാണ് വാർത്തകൾ പ്രസിദ്ധീകരിച്ചതെന്നും എഡിറ്റേഴ്സ് ഗിൽഡ് കുറ്റപ്പെടുത്തിയിരുന്നു. എഡിറ്റേഴ്സ് ഗിൽഡ് റിപ്പോർട്ട് ആൾ മണിപ്പൂർ വർക്കിംഗ് ജേണലിസ്റ്റ്സ് യൂണിയനും എഡിറ്റേഴ്സ് ഗിൽഡ് മണിപ്പൂരും തള്ളിക്കളഞ്ഞു. ഇതിനു പിന്നാലെയാണ് കലാപം ആളികത്തിക്കാൻ എഡിറ്റേഴ്സ് ഗിൽഡ് ശ്രമിച്ചു എന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ് ആരോപിച്ചത്.

ഇംഫാലിൽ അവശേഷിച്ച കുക്കി വിഭാഗക്കാരെ സംസ്ഥാനസർക്കാർ ഒഴിപ്പിച്ചിരുന്നു. കഴി‍ഞ്ഞ ദിവസം രാത്രിയാണ് 24 പേരെ അർദ്ധ സൈനിക വിഭാഗം ബലമായി ഒഴിപ്പിച്ചത്. പത്ത് കുടുംബങ്ങളിൽനിന്നുള്ള ഇവരെ സുരക്ഷ കണക്കിലെടുത്താണ് ഒഴിപ്പിച്ചത് എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ തട്ടിക്കൊണ്ടുപോകലിന് സമാനമായിരുന്നു ഒഴിപ്പിക്കലെന്ന് കുകി സംഘടനകൾ ആരോപിക്കുന്നു. വംശീയ ഉന്മൂലനം പൂർത്തിയാക്കുന്നതാണ് ഈ നടപടിയന്ന കോൺഗ്രസ് നേതാവ് പി ചിദംബരം കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here