പ്രസിഡന്റ് ജോ ബൈഡനു കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ ആ ചുമതല ഏറ്റെടുക്കാന്‍ താന്‍ തയാറാണെന്നു വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഇന്തോനേഷ്യയില്‍ ഒരു സമ്മേളനത്തിനിടെ അസോസിയേറ്റഡ് പ്രസിനോട് സംസാരിച്ച ഹാരിസ് പക്ഷെ 80 വയസായ ബൈഡനു പ്രസിഡന്റിന്റെ ചുമതലകള്‍ വഹിക്കാന്‍ കഴിയുന്ന ആരോഗ്യം ഉണ്ടെന്നു ചൂണ്ടിക്കാട്ടി.

ചോദ്യം ഉന്നയിച്ചപ്പോള്‍ ആദ്യം ബൈഡന്‍ ഭരണകാലത്തുണ്ടായ മികച്ച നിയമനിര്‍മാണവും മറ്റു വിജയങ്ങളും ചൂണ്ടിക്കാട്ടി ഒഴിയാനാണ് ഹാരിസ് ശ്രമിച്ചത്. പ്രസിഡന്റ് സ്ഥാനം ഏല്‍ക്കാന്‍ തയ്യാറുണ്ടോ എന്ന് ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ഹാരിസ് (58) പറഞ്ഞു: ‘തയാറാണ്. ‘പിന്നീട് അവര്‍ തുടര്‍ന്നു: ‘താങ്കള്‍ ഒരു സാധ്യതയെ കുറിച്ചാണ് ചോദിച്ചത്. പക്ഷെ ജോ ബൈഡന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഞാനതു എന്നും കാണുന്നതാണ്. അതു കൊണ്ട് ഞാന്‍ ആ സ്ഥാനം ഏറ്റെടുക്കേണ്ട കാര്യമൊന്നും ഇല്ല.

‘ഏതു വൈസ് പ്രസിഡന്റും സ്ഥാനം ഏല്‍ക്കുമ്പോള്‍ ഒരു നാള്‍ പ്രസിഡന്റ് ആവേണ്ടി വരാം എന്ന കാര്യം വളരെ വ്യക്തമായി മനസ്സിലാക്കുന്നുണ്ട്. ഞാനും അങ്ങിനെ തന്നെയാണ്.’ നാല്പത്തഞ്ചു പ്രസിഡന്റുമാരില്‍ 8 പേര്‍ അധികാരത്തില്‍ ഇരിക്കെ മരിച്ചു. നാലു പേര്‍ വധിക്കപ്പെടുകയായിരുന്നു. മറ്റു നാലു മരണങ്ങളും സ്വാഭാവികം ആയിരുന്നു. നവംബര്‍ 20 നു ബൈഡനു 81 വയസാവും. അതു കൊണ്ടാണ് ഇങ്ങിനെയൊരു ചര്‍ച്ച ഉയര്‍ന്നു വന്നിട്ടുള്ളത്. ജനപ്രീതി വളരെ കുറഞ്ഞ ഹാരിസിനെ ചൂണ്ടിക്കാട്ടി വോട്ടര്‍മാരെ വിരട്ടാനുള്ള ശ്രമവും അതിലുണ്ട്. റിയല്‍ക്ലിയര്‍പൊളിറ്റിക്സ് അടുത്തിടെ നടത്തിയ പോളിംഗില്‍ ഹാരിസിന്റെ തൊഴില്‍ മികവ് അംഗീകരിക്കുന്നത് 40.7% പേരാണ്. ബൈഡനു 41.7% പിന്തുണയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here