സെപ്റ്റംബര്‍ 11 അല്‍ ഖായിദ ആക്രമണത്തിലെ ചില പ്രതികളുടെ ശിക്ഷ ഇളവു ചെയ്യുന്ന ഒത്തുതീര്‍പ്പു വ്യവസ്ഥകളില്‍ ചിലതു പ്രസിഡന്റ് ജോ ബൈഡന്‍ തള്ളി. ആക്രമണത്തിന് സൂത്രധാരന്‍ ഖാലിദ് ഷെയ്ഖ് മുഹമ്മദിന്റെ ശിക്ഷയും അതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ വധശിക്ഷ ഒഴിവാക്കാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

തടവില്‍ കഴിയുന്ന പ്രതികളുടെ ചില ആവശ്യങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നു ബൈഡന്‍ അറിയിച്ചതായി നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് പറഞ്ഞു. ഏകാന്ത തടവ് ഒഴിവാക്കണം, സി ഐ എ കസ്റ്റഡിയില്‍ അനുഭവിച്ച പീഡനങ്ങള്‍ക്കു ചികിത്സ ലഭ്യമാക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ പ്രസിഡന്റ് തള്ളി. മുഹമ്മദും മറ്റു നാലു പ്രതികളും ക്യൂബയിലെ ഗ്വാണ്ടനാമോ ബേ ജയിലില്‍ ആണ് കഴിയുന്നത്. ഭീകരാക്രമണ കുറ്റം ഏറ്റാല്‍ ഒന്നിച്ചു ഭക്ഷണം കഴിക്കാനും നമസ്‌കരിക്കാനും അനുമതി നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

സി ഐ എയുടെ പീഡനം മൂലമുണ്ടായ ആരോഗ്യ പ്രശ്‌നനങ്ങളില്‍ തലച്ചോറിലെ മുറിവ്, ഉറക്കം ഇല്ലായ്മ, ആമാശയ തകരാറുകള്‍ തുടങ്ങിയവ അവര്‍ ചൂണ്ടിക്കാട്ടുന്നു. അവയ്ക്കു ചികിത്സ വേണം. അതെല്ലാം നിരസിച്ചെങ്കിലും വധശിക്ഷ ഒഴിവാക്കാനുള്ള അപേക്ഷ പരിഗണനയില്‍ ഉണ്ടെന്നാണ് ‘ന്യൂ യോര്‍ക്ക് ടൈംസ്’ പറയുന്നത്. അല്‍ ഖായിദ ആക്രമണത്തില്‍ കൊല്ലപ്പെട്ട 3,000ത്തിലേറെ ആളുകളുടെ ബന്ധുക്കള്‍ക്കു അതു സംബന്ധിച്ചു നോട്ടീസ് ലഭിച്ചിരുന്നു. അവരെല്ലാം അതില്‍ രോഷാകുലരാണെന്നാണ് റിപ്പോര്‍ട്ട്. ബൈഡന്‍ ഇക്കാര്യത്തില്‍ നിലപാട് വെളിപ്പെടുത്തിയിട്ടില്ല. മിലിട്ടറി കമ്മിഷന്‍ ആണ് തീരുമാനം എടുക്കേണ്ടത്. 911 പ്രതികള്‍ക്ക് എതിരായ കേസുകള്‍ പല നിയമകുരുക്കുകളില്‍ പെട്ടു നീണ്ടു പോവുകയാണ്. വിചാരണ തീയതി പോലും തീരുമാനിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here