സിയാറ്റിലില്‍ പോലീസ് കാറിടിച്ചു മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനി ജാഹ്നവി കണ്ടുളയെ പരിഹസിച്ചു സംസാരിച്ച പോലീസ് ഓഫിസര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതികരിച്ച് യുവതിയുടെ കുടുംബം. ഓഫീസറുടെ നിര്‍വികാരവും മനുഷ്യത്വ രഹിതവുമായ അഭിപ്രായങ്ങള്‍ അത്യധികം ദുഖമുണ്ടാക്കിയെന്നു കണ്ടുള കുടുംബം പറഞ്ഞു. ഓഫിസര്‍ പറഞ്ഞ ഭാഷ ഏറെ അസ്വസ്ഥത ഉളവാക്കുന്നു. ജാഹ്നവി പ്രിയപ്പെട്ട മകള്‍ ആയിരുന്നു. അവളുടെ അമ്മയ്ക്കും കുടുംബത്തിനും കേവലം ഡോളറിന്റെ മൂല്യം ആയിരുന്നില്ല അവള്‍. ഓരോ മനുഷ്യജീവനും വിലകല്‍പിക്കാന്‍ കഴിയാത്തതാണെന്നു ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. ചെറുതാക്കി കാട്ടരുത്. പ്രത്യേകിച്ച് ഒരു ദുരന്തത്തിന്റെ മുന്നില്‍ നിന്ന്. അവള്‍ ഭാവിയുടെ വാഗ്ദാനമായ മിടുക്കി വിദ്യാര്‍ഥിനി ആയിരുന്നു. അവളുടെ അസമയത്തെ ദുരന്തം കുടുംബത്തിനു നികത്താനാവാത്ത വിടവായി എന്നും കുടുംബം എ ബി സി ന്യൂസിനോടു പറഞ്ഞു.
‘അമ്മ മാത്രമുള്ള ജാഹ്നവി നോര്‍ത്ത്ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദത്തിനു പഠിക്കയായിരുന്നു. ജനുവരി 23ന്, അമിതവേഗത്തില്‍ ഓടിച്ചു വന്ന പോലീസ് കാര്‍ അവരെ ഇടിച്ചു വീഴ്ത്തി. വാഹനം ഓടിച്ചിരുന്ന കെവിന്‍ ഡേവ് എന്ന ഓഫിസര്‍ മദ്യപിച്ചിരുന്നോ എന്നറിയാന്‍ പരിശോധനയ്ക്കു അയച്ചതാണ് ഡാനിയല്‍ ഓഡററെ. അയാള്‍ പറഞ്ഞ കാര്യങ്ങള്‍ ബോഡിക്യാമില്‍ പതിഞ്ഞു. അതു പുറത്തു വന്നപ്പോഴാണ് വ്യാപകമായ രോഷം ഉയര്‍ന്നത്. അവള്‍ക്ക് പരിമിതമായ മൂല്യം മാത്രമേയുള്ളൂവെന്നും ഒരു 11000 ഡോളറിന്റെ ചെക്കെഴുതിക്കോ എന്നുമാണ് സിയാറ്റില്‍ പോലീസ് ഓഫീസേഴ്‌സ് ഗില്‍ഡ് വൈസ് പ്രസിഡന്റായ ഓഡറര്‍ പ്രസിഡന്റ് മൈക്ക് സോളനോടു പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞത്
ജാഹ്നവിയുടെ ജീവനു ചില്ലിക്കാശ് വിലയില്ലെന്നു അയാള്‍ പറയുന്നതിനെ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം മാത്രമല്ല അപലപിച്ചത്. സിയാറ്റിലില്‍ ജാഹ്നവിയെ കാറിടിച്ച ഇടത്തു വ്യാഴാഴ്ച നടത്തിയ റാലി യുവതിക്കു നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. ഗില്‍ഡ് കുറ്റം മൂടി വയ്ക്കാന്‍ മാത്രമാണ് ശ്രമിക്കുന്നതെന്നു റാലി സംഘടിപ്പിച്ച അലയന്‍സ് എഗൈന്‍സ്‌റ് റേസിസ്‌റ് ആന്‍ഡ് പൊളിറ്റിക്കല്‍ റിപ്രഷന്‍ പറഞ്ഞു. ‘അവര്‍ക്കു ഇതേപ്പറ്റി ചിന്തയൊന്നുമില്ല. തിരിച്ചടി തുടങ്ങിയപ്പോഴാണ് അവര്‍ വിശദീകരണങ്ങളുമായി വരുന്നതു തന്നെ.’
അതേസമയം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി എടുക്കുമ്പോഴാണ് ആ പ്രസ്താവം വിവാദ കാരണമാവുന്നതെന്നാണ് സിയാറ്റില്‍ പോലീസ് വെള്ളിയാഴ്ച ഇറക്കിയ ന്യായീകരണ പ്രസ്താവനയില്‍ പറയുന്നത്. സംഭാഷണത്തിന്റെ ഒരു ഭാഗം മാത്രമേ ഓഡിയോയില്‍ ഉള്ളൂ എന്നാണ് അവരുടെ നിലപാട്. ‘അതിലുപരി പരസ്യമാകാത്ത പലതും അതിലുണ്ട്. ഓഗസ്റ്റ് 8നു ഓഡറര്‍ നല്‍കിയ വിശദീകരണത്തില്‍ ഒട്ടേറെ കാര്യങ്ങളുണ്ട്. ഒരു ദുരുദ്ദേശവും ഇല്ലാതെയാണ് താന്‍ സംസാരിച്ചതെന്നു ന്യായീകരിക്കാന്‍ പോലീസ് ഓഫീസര്‍ അയാള്‍ ശ്രമിക്കുന്നു. എന്നാല്‍ എന്തു ന്യായമായ അച്ചടക്ക നടപടിയും സ്വീകരിക്കാന്‍ തയാറാണ്. ഗില്‍ഡ് ആവട്ടെ ഓഡററെ പുകഴ്ത്തുകയാണ്. ഓഡറര്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ശ്രമിച്ചുവെന്നാണ് അവര്‍ പറയുന്നത്. വീഡിയോ ഉയര്‍ത്തിയ രോഷം മനസിലാക്കുന്നു. എന്നാല്‍ അതില്‍ സന്ദര്‍ഭം കൃത്യമല്ല. അതേപ്പറ്റി റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ സന്ദര്‍ഭം കൃത്യമായി സ്ഥാപിക്കാന്‍ ശ്രമിച്ചില്ല.
