വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി. ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതാണ് വനിതാ സംവരണ ബിൽ. കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാളാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. 454 എംപിമാരാണ് ബില്ലിനെ അനുകൂലിച്ചത്. ബില്ലിനെ രണ്ട് എംപിമാർ എതിർത്തു. പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യത്തെ ബില്ലായാണ് വനിതാ സംവരണ ബിൽ എത്തിയിരുന്നത്. ബിൽ നാളെ രാജ്യസഭയിലെത്തും.

എട്ട് മണിക്കൂറിലേറെ നീണ്ട ചർച്ചയാണ് പാർലമെന്റിൽ ബില്ലുമായി ബന്ധപ്പെട്ട് നടന്നത്. ബിൽ പാസാക്കിയാലും വർഷങ്ങൾ കഴിഞ്ഞ് മത്രമേ അതിന്റെ ​ഗുണഫലങ്ങൾ പ്രാവർത്തികമാകൂ എന്ന വിമർശനമാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ചത്. എന്നാൽ ഇത് സർക്കാരിന്റെ ഏതെങ്കിലും വിധത്തിലുള്ള ഇടപെടൽ കൊണ്ടല്ല സംഭവിച്ചതെന്ന് മന്ത്രി മറുപടി പറഞ്ഞു. ഡിലിമിറ്റേഷൻ കമ്മിഷൻ ഭരണഘടനയ്ക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ജനസംഖ്യ സെൻസസ് കഴിഞ്ഞാലേ ഇത് നടപ്പിലാക്കാൻ സാധിക്കൂയെന്നും നിയമമന്ത്രി ലോക്സഭയിൽ പറഞ്ഞു.

25 വർഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ബിൽ യാഥാർത്ഥ്യമാകാനിരിക്കുന്നത്. നേരത്തെ സഭ പാസാക്കിയ ബിൽ നിലവിലിരിക്കെ പുതിയ ബില്ലെത്തുന്നതിൽ സാങ്കേതിക തടസമുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. എട്ട് മണിക്കൂർ നീണ്ട ചർച്ചയിൽ അറുപത് അം​ഗങ്ങളാണ് പങ്കെടുത്തത്. ഒബിസി സംവരണം കൂടി ആവശ്യമാണെന്ന് സോണിയാ ​ഗാന്ധി അഭിപ്രായപ്പെട്ടു. ബില്ലിൽ തങ്ങൾക്ക് യാതൊരു രാഷ്ട്രീയലക്ഷ്യവുമില്ലെന്ന് പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയായി സർക്കാർ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here