രാഹുൽ ഗാന്ധിക്കെതിരായ രാവണൻ പരാമർശത്തിൽ ബിജെപി ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച് കോൺഗ്രസ്സ്. രാജ്യവ്യാപകമായി പ്രതിഷേധിക്കാനാണ് ആഹ്വാനം. ദുഷ്ട ശക്തി, ധർമ വിരുദ്ധൻ, ഭാരതത്തെ തകർക്കുന്നവൻ എന്നീ പരാമർശങ്ങളോടെ ഇന്നലെയാണ് ബിജെപി രാഹുലിനെതിരെ ട്വീറ്റ് ചെയ്തത്.

രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് ആക്രമണത്തിന് ആഹ്വാനം ചെയ്ത ബിജെപിയുടെ ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് എഐസിസി ആഹ്വാനം അനുസരിച്ച് ഡിസിസികളുടെ നേതൃത്വത്തില്‍ ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ച് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

അതിനിടെ അമൃതസറിലെ സുവർണ ക്ഷേത്രത്തിൽ മൂന്ന് ദിവസം തങ്ങി സേവനം ചെയ്ത് രാഹുൽ ഗാന്ധി. ഓപ്പറേഷൻ ബ്ളൂസ്റ്റാർ ഉണ്ടാക്കിയ മുറിവുകൾ ഉണക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാഹുലിൻറെ സുവർണ്ണ ക്ഷേത്ര സന്ദർശനം നടത്തിയത്. 1984 ൽ പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ നടന്ന ഓപ്പറേഷൻ ബ്ലൂസ്റ്റാർ കോൺഗ്രസിനും സിഖ് സമുദായത്തിനും ഇടയിലെ അകല്ചയ്ക്ക് ഇടയാക്കിയിരുന്നു. തീവ്രവാദികളെ നേരിടാൻ സ്വീകരിച്ച നടപടി ആയിരുന്നെങ്കിലും സിഖ് മത വിശ്വാസികളിൽ ഇത് വലിയ മുറിവുണ്ടാക്കി. പഞ്ചാബിൽ കോൺഗ്രസിനെ അട്ടിമറിച്ച് ആംആദ്മി പാർട്ടി അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായാണ് ഇത്രയും ദിവസം തുടർച്ചയായി രാഹുൽ ഗാന്ധി പഞ്ചാബിൽ തങ്ങിയത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുറിവുകൾ ഉണക്കാനും ബിജെപിക്കെതിരെ പഞ്ചാബിലുള്ള വികാരം പ്രയോജനപ്പെടുത്താനുമാണ് രാഹുലിൻറെ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here