ചോദ്യത്തിന് കോഴ വിവാദത്തിൽ ലോക്സഭയിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര പ്രതികരണവുമായി രംഗത്ത്. ബിജെപിക്കെതിരെ തുറന്നടിച്ച മഹുവ മൊയ്ത്ര ചോദ്യത്തിന് പകരം കോഴ ആരോപണത്തിൽ തെളിവില്ലാതെയാണ് താൻ ശിക്ഷിക്കപ്പെട്ടതെന്ന് ആരോപിച്ചു. തനിക്കെതിരായ നടപടി അന്യായമാണെന്നും എന്നാൽ പുറത്താക്കിയതിലൂടെ തന്‍റെ നാവടക്കാനാവില്ലെന്നും നരേന്ദ്ര മോദിക്കെതിരെ ഇനിയും പ്രതികരിക്കുമെന്നും മൊയ്ത്ര പറഞ്ഞു. മഹുവ മൊയ്ത്രയ്‍ക്കെതിരായ എത്തിക്സ് കമ്മറ്റി റിപ്പോർട്ട് ലോക്സഭയിൽ ചർച്ചയ്ക്ക് വച്ച ശേഷമായിരുന്നു പുറത്താക്കൽ.

പാർലമെന്റ് അംഗത്വം നഷ്ടപ്പെട്ടതിന് ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് മഹുവ മൊയ്ത്രയുടെ രൂക്ഷ വിമർശനം. പുറത്താക്കാന്‍ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ല. ദർശൻ ഹിര നന്ദനിയുടെ വ്യവസായിക താൽപര്യത്തിനനുസൃതമായി ചോദ്യം ചോദിച്ചെന്നാണ് തനിക്കെതിരായ ആരോപണം. എന്നാൽ കൈക്കൂലി വാങ്ങിയതിന് റിപ്പോർട്ടിൽ തെളിവില്ലെന്നും മഹുവ മൊയ്ത്ര പറയുന്നു. അടുത്ത ആറുമാസം സിബിഐയെ ഉപയോഗിച്ച് തന്നെ വേട്ടയാടും. എന്തും നേരിടാൻ തയ്യാർ. പോരാട്ടം തുടരും. അടുത്ത 30 വർഷം സഭയ്ക്ക് അകത്തും പുറത്തും പോരാട്ടം തുടരും. ഇത് ബിജെപിയുടെ അവസാനത്തിന്റെ തുടക്കമെന്നും മഹുവ.

മഹുവയുടേത് ഗുരുതര കുറ്റമാണെന്ന് കണ്ടെത്തിയ എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലോക്സഭ ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. തുടർന്ന് തൃണമൂൽ കോൺഗ്രസ് എംപിയെ ലോക്സഭയിൽ നിന്ന് പുറത്താക്കി.

LEAVE A REPLY

Please enter your comment!
Please enter your name here