സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.

രോഗബാധിതനായ കാനം കുറച്ചുനാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന് തുടര്‍ന്ന് കാല്‍പാദം മുറിച്ച് മാറ്റേണ്ടി വന്നിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ശ്വാസതടസം നേരിടുകയും ഹൃദയാഘാതം സംഭവിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

1950 നവംബർ 10-ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന്‍റെ ജനനം. എഐവൈഎഫിലൂടെ രാഷ്ട്രീയത്തിലിറങ്ങി. ഇരുപത്തിമൂന്നാം വയസ്സിൽ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ.ബി.ബർദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവർത്തിച്ചു. 1982-ലും 87-ലും വാഴൂർ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി. പിന്നീട് രണ്ടുവട്ടം വാഴൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതോടെ പൂർണമായും സംഘടനാരംഗത്തേക്ക് മാറി. കോട്ടയം വാഴൂര്‍ സ്വദേശിയായ കാനം 2015 മുതല്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാണ്. ഭാര്യ – വനജ. മക്കൾ – സ്മിത, സന്ദീപ്.

LEAVE A REPLY

Please enter your comment!
Please enter your name here