ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹർജികളിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ.ഗവായ്, സൂര്യകാന്ത് എന്നിവരും ബെഞ്ചിൽ ഉൾപ്പെടുന്നു. 370–ാം വകുപ്പ് ഭേദഗതി ചെയ്തതിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജികളിലാണ് സുപ്രീംകോടതി വിധി പറയുന്നത്.

2019ലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ ജമ്മു ആൻ്റ് കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തത്. ഇതിനെതിരെ 2020ല്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ ഈ വര്‍ഷം ആഗസ്റ്റ് 2 മുതല്‍ 16 ദിവസം വാദ കേട്ട സുപ്രീംകോടതി കേസ് വിധി പറയാന്‍ മാറ്റുകയായിരുന്നു. പ്രത്യേക പദവി എടുത്തുകളഞ്ഞതും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയതും ചോദ്യം ചെയ്ത് 23 ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്. ഹർജികളിലെ വിധി കേന്ദ്ര സർക്കാരിന് ഏറെ നിർണ്ണായകമാണ്. ഭരണഘടനയുടെ 370-ാം അനുച്ഛേദം കേന്ദ്രസർക്കാരിന്റെ ക്ഷേമപദ്ധതികൾ ജമ്മുകശ്‌മീരിലെ ജനങ്ങളിലേക്ക്‌ എത്തുന്നതിന്‌ തടസ്സമായിരുന്നെന്ന്‌ കേന്ദ്രസർക്കാർ കോടതിയിൽ വാദിച്ചിരുന്നു. പ്രത്യേക പദവി താത്കാലിക അടിസ്ഥാനത്തിലാണ് ഏർപ്പെടുത്തിയതെന്നും എന്നാൽ ഈ പ്രത്യേക അനുച്ഛേദം 75 വർഷം കഴിഞ്ഞിട്ടും തുടരുകയായിരുന്നുവെന്നും കേന്ദ്രം വാദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here