മദ്യനയ കേസില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കടുത്ത നടപടികളിലേക്ക് ഇഡി നീങ്ങുന്നുവെന്ന് സൂചന. മൂന്നു തവണയും ചോദ്യം ചെയ്യലിന് ഹാജരാവാത്തതിനാൽ കെജ്‌രിവാളിനെ ഇഡി ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് അഭ്യൂഹം. കെജ്‌രിവാളിന്റെ വസതിയില്‍ റെയ്ഡ് നടത്തിയ ശേഷം അറസ്റ്റുണ്ടാകുമെന്നാണ് എഎപി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി ഇന്നലെ രാത്രിയിൽ എക്സിൽ കുറിച്ചത്. കെജ്‌രിവാളിന്റെ വസതിയിലേക്കുള്ള റോഡുകള്‍ ഡല്‍ഹി പൊലീസ് അടച്ചതായും പാര്‍ട്ടിനേതാക്കൾ ആരോപിച്ചു.

മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതികേസില്‍ കെജ്‌രിവാളിനോട് നവംബര്‍ രണ്ടിനും ഡിസംബര്‍ 21നും ഹാജരാകാൻ ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. തുടര്‍ന്ന് ഇന്നലെ ഹാജരാകണമെന്നാവശ്യപ്പെട്ട് മൂന്നാം തവണ നോട്ടീസ് അയച്ചു. എന്നാൽ ഇക്കുറിയും കെജ്‌രിവാൾ ഹാജരായില്ല.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരാകാന്‍ ആവില്ലെന്നാണ് അരവിന്ദ് കെജ്‌രിവാളിന്റെ നിലപാട്. രാജ്യസഭാ തിരഞ്ഞെടുപ്പും ഡല്‍ഹി മുഖ്യമന്ത്രി എന്ന നിലയില്‍ റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പും മുന്നില്‍ ഉള്ളതിനാല്‍ ഹാജരാകാന്‍ ആവില്ലെന്നാണ് കെജ്‌രിവാള്‍ അറിയിച്ചത്. ചോദ്യാവലി അയച്ചാല്‍ ഏത് ചോദ്യത്തിനും സന്തോഷത്തോടെ മറുപടി അയയ്ക്കാമെന്നും കെജ്‌രിവാള്‍ ഇഡി സമന്‍സിന് മറുപടി നല്‍കി.

ബിജെപിയുടെ നിര്‍ദ്ദേശപ്രകാരം ഇഡി തനിക്ക് നോട്ടീസ് അയച്ചതാണെന്നും ഇത് നിയമവിരുദ്ധമാണെന്നും കെജ്‌രിവാള്‍ നേരത്തെ ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here