ബില്‍ക്കിസ് ബാനു കേസില്‍ ഗുജറാത്ത് സർക്കാരിന് തിരിച്ചടി. പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കി. ഇതോടെ പ്രതികളുടെ ജീവപര്യന്തം നിലനില്‍ക്കും. സുപ്രീം കോടതി വിധിയോടെ ഗുജറാത്ത് സർക്കാർ വെറുതെ വിട്ട ജസ്വന്ത് നായ്, ഗോവിന്ദ് നായ്, ശൈലേഷ് ഭട്ട്, രാധ്യേഷാം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായ് വൊഹാനിയ, പ്രദീപ് മോർധിയ, ബകാഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന തുടങ്ങി 11 പ്രതികളും വീണ്ടും ജയിലിലേയ്ക്ക് മടങ്ങും. സാമൂഹ്യാവസ്ഥ എത്ര പിന്നാക്കമായാലും ഏത് വിശ്വാസം പിന്തുടര്‍ന്നാലും സ്ത്രീ ബഹുമാനം അർഹിക്കുന്നു. ശിക്ഷാവിധിയിൽ ഇളവ് നൽകാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് വിധിയിൽ വ്യക്തമാക്കി.

ഗുജറാത്ത് സർക്കാരിന് പ്രതികളുടെ ശിക്ഷയിൽ ഇളവ് നൽകി ഉത്തരവ് പാസ്സാക്കാൻ അധികാരമില്ലെന്നതാണ് കോടതിയുടെ പ്രധാന നിരീക്ഷണം. വിചാരണ നടന്ന കോടതിയുടെ അഭിപ്രായം ആരാഞ്ഞ് വിചാരണ നടന്ന സംസ്ഥാനത്തിനാണ് ശിക്ഷാ ഇളവ് നൽകാൻ അധികാരമുള്ളത്. കുറ്റവാളികളെ തടവിലാക്കിയ സ്ഥലമോ സംഭവസ്ഥലമോ ഇളവിന് പ്രസക്തമല്ല. 2022 മെയ് മാസത്തിൽ കോടതിയെ വഞ്ചിച്ച് സുപ്രീം കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ച കുറ്റവാളികളിലൊരാളായ രാധ്യേഷിനെ കോടതി ശക്തമായി വിമർശിച്ചു. 2022 മെയ് മാസത്തെ വിധി വഞ്ചനയിലൂടെ നേടിയതാണെന്നും അതിനാൽ നിയമപരമായി നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.

2002ലെ ഗുജറാത്ത് വംശഹത്യക്കിടെയാണ് അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്തത്. കുടുംബത്തിലെ ആറു പേർ ഓടി രക്ഷപ്പെട്ടു. 2004ലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. അഹമ്മദാബാദിലാണ് വിചാരണ ആരംഭിച്ചത്. 2008 ജനുവരി 21-ന് പ്രത്യേക സിബിഐ കോടതി പതിനൊന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ചു. ഗർഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ഗൂഢാലോചന, കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഇവരെ ശിക്ഷിച്ചത്.

പ്രതികള്‍ എത്ര ഉന്നതരായാലും നിയമത്തിന് അതീതരല്ല. ഗുജറാത്ത് സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തി. നീതിയുടെ അക്ഷരങ്ങള്‍ മാത്രമല്ല, അര്‍ത്ഥവും കോടതിക്കറിയാം. പ്രതികളോടുള്ള സഹതാപത്തിനും അനുകമ്പയ്ക്കും സ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here