ബിഹാറിൽ ജോലിക്ക് പകരം ഭൂമി അഴിമതി കേസിൽ രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി സമൻസ് അയച്ചിരുന്നു. മഹാസഖ്യ സര്‍ക്കാര്‍ വീണതിന് പിന്നാലെയാണ് ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരായ ഇഡിയുടെ നീക്കമെന്നത് ശ്രദ്ധേയമാണ്. കാലിത്തീറ്റ കുംഭ കോണ കേസിന് പിന്നാലെ ജോലിക്ക് ഭൂമി അഴിമതി കേസില്‍ ഇഡി നടപടികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. അതേസമയം മകൻ തേജസ്വി യാദവ് നാളെ ഇഡിക്ക് മുന്നിൽ ഹാജരാകും.

ലാലു പ്രസാദ് യാദവ് കേന്ദ്രമന്ത്രിയായ സമയത്ത് ഗ്രൂപ്പ് ഡി നിയമനങ്ങള്‍ക്ക് കോഴയായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഭൂമി വാങ്ങിക്കൂട്ടിയതില്‍ തെളിവുണ്ടെന്ന സിബിഐ കണ്ടെത്തലിന് പിന്നാലെയാണ് ഇഡി ഇടപെട്ടത്. മൂത്ത മകളും രാജ്യസഭാ എംപിയുമായ മിസ ഭാരതിയോടൊപ്പം രാവിലെ 11 മണിയോടെയാണ് റാബ്രി വസതിയിൽ നിന്ന് ലാലു ഇഡി ഓഫീസിലെത്തിയത്. ലാലുവിന്റെ വരവിന് മുന്നോടിയായി ഇഡി ഓഫീസിൽ തടിച്ചുകൂടിയ ആർജെഡി അനുയായികളോട് സമാധാനം പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഇതിന് ശേഷമാണ് അദ്ദേഹം ഇഡി ഓഫീസിലേക്ക് കയറിയത്. ലാലുവിനെ ഇഡി സംഘം ചോദ്യം ചെയ്തുവരികയാണ്. ഇഡി ഓഫീസിന് പുറത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം കോണ്‍ഗ്രസ് പാളയത്തില്‍ കൂടുതല്‍ എംഎല്‍എമാര്‍ ചാഞ്ചാടി നില്‍ക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ യാത്രയുടെ ബിഹാറിലെ ഏകോപനത്തിന് 19ല്‍ 5 എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുക്കുന്നത്. മറ്റുള്ളവര്‍ ബിജെപിയുമായി കൈകോർത്തു കഴിഞ്ഞെന്നാണ് ലഭിക്കുന്ന സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here