അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനെ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് വെസ്റ്റ് വിർജീനിയ അറ്റോർണി ജനറൽ പാട്രിക് മോറിസെ. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ബൈഡനുണ്ടെന്ന് ചൂണ്ടിക്കാട്ടി വൈസ് പ്രസിഡൻ്റ് കമല ഹാരിസിനോടാണ് പാട്രിക് ആവശ്യം ഉന്നയിച്ചത്. നമുക്ക് വേണ്ടത് മാനസികാരോഗ്യമുള്ള ഒരു പ്രസിഡൻ്റിനെയാണെന്നും അദ്ദേഹം പറഞ്ഞു.

ഈയിടെ പുറത്തിറങ്ങിയ 388 പേജുകളുള്ള പ്രത്യേക കൗൺസിലിൻ്റെ റിപ്പോർട്ടിൻ്റെ ചുവടുപിടിച്ചാണ് മോറിസിയുടെ ആവശ്യം വരുന്നത്. പ്രസിഡൻ്റ് ബൈഡനെ ‘ഓർമ്മക്കുറവുള്ള വൃദ്ധൻ’ എന്ന് റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചിരുന്നു. റിപ്പോർട്ടിൽ എടുത്തുകാണിച്ചിരിക്കുന്ന ബൈഡൻ്റെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ അടിയന്തര ശ്രദ്ധ ആവശ്യമുള്ള ഗുരുതരമായ കാര്യമാണെന്ന് അറ്റോർണി ജനറൽ വാദിക്കുന്നു.

പ്രസിഡൻ്റിന് അഗാധമായ ഓർമക്കുറവ് അനുഭവപ്പെടുന്നത് അമേരിക്കക്കാർക്ക് നോക്കിനിൽക്കേണ്ടി വന്നുവെന്ന് മോറിസെ വൈസ് പ്രസിഡൻ്റ് ഹാരിസിനെഴുതിയ കത്തിൽ പറയുന്നു. പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡൻ്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘മുൻ പ്രസിഡൻ്റ് കെന്നഡിയുടെ കൊലപാതകത്തെത്തുടർന്ന് പ്രസിഡൻ്റിൻ്റെ പിന്തുടർച്ച വ്യക്തമാക്കുന്നതിനായി 1965-ൽ 25-ാം ഭേദഗതി കോൺഗ്രസ് പാസാക്കിയിരുന്നു. ആരോഗ്യപരമായി പ്രശ്നങ്ങളുള്ള പ്രസിഡൻ്റിനെ സ്ഥാനത്തുനിന്ന് നീക്കാൻ വൈസ് പ്രസിഡൻ്റിനെയും മന്ത്രിസഭയെയും അനുവദിക്കുന്ന ഒരു വിഭാഗവും ഇതിൽ ഉൾപ്പെടുന്നുണ്ട്’. തൻ്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടി. 25-ാം ഭേദഗതി യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ ചരിത്രത്തിൽ ഒരിക്കലും പ്രയോഗിക്കപ്പെട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here