കർഷകരുടെ ഡൽഹി ചലോ സമരം പൂട്ടിക്കാനുറച്ചു പോലീസ്. യുദ്ധസമാനമാണ് പൊലീസിന്റെ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ദേശീയ പാത അടച്ചു. ചിലയിടങ്ങളിൽ റോഡുകൾ കുഴിച്ചും പൊലീസ് ഗതാഗതം തടഞ്ഞു. പൊലീസ് നിയന്ത്രണങ്ങളെ തുടർന്ന് ഡൽഹിയിൽ രാവിലെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഇന്നലെയും കിലോമീറ്ററുകളോളം ഗതാഗത കുരുക്ക് രൂപപ്പെട്ടിരുന്നു.

മാര്‍ച്ചിലേക്ക് പൊലീസ് മനഃപൂർവ്വം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിച്ചു. അര്‍ധ രാത്രിയും പുലര്‍ച്ചെയും പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചെന്ന് കര്‍ഷകര്‍ പറയുന്നു. പ്രയോഗിക്കുന്ന കണ്ണീര്‍ വാതകം കാലാവധി കഴിഞ്ഞതാണെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണെന്നുമുള്ള ഗുരുതര ആരോപണവും കര്‍ഷകര്‍ ഉയര്‍ത്തി.

അതേസമയം സമരം കൂടുതൽ കടുപ്പിക്കാനാണ് കർഷകരുടെ നീക്കം . പഞ്ചാബ് ഹരിയാന അതിർത്തിയിൽ സർവ സന്നാഹങ്ങളുമായി കർഷകർ പ്രതിഷേധം കടുപ്പിച്ചു. കൂടുതൽ കർഷകരെത്തിയതോടെ ശംഭു അതിർത്തിയിൽ കിലോ മീറ്ററുകളോളം നീളത്തിൽ ട്രാക്ടറുകൾ നിരന്നു. എന്ത് തടസം ഉണ്ടായാലും സമരവുമായി മുന്നോട്ടെന്ന ഉറച്ച നിലപാടിലാണ് കർഷകർ.

അതേസമയം, കർഷക സമരത്തിന് പിന്തുണയുമായി കോൺഗ്രസും ബിഎസ്പിയും രംഗത്തെത്തിയിട്ടുണ്ട്. പിസിസികളുടെ നേതൃത്വത്തിൽ കോൺഗ്രസ് രാജ്യവ്യാപകമായി 16 ന് പ്രതിഷേധം നടത്തും. കർഷകരുടെ ആവശ്യങ്ങൾ സർക്കാർ ഗൗരവതരമായി പരിഗണിക്കണമെന്നും സമരത്തെ അടിച്ചമർത്തരുതെന്നും മായാവതി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here