ന്യൂ ജേഴ്സി: 21 വര്‍ഷത്തെ മികച്ച പാരമ്പര്യവുമായി മാധ്യമരംഗത്ത് മുന്നേറുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) 2024-2025 കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 1 ന് വൈകുന്നേരം നാലര മണിക്ക് ന്യൂ ജേഴ്‌സിയിലെ ഫോര്‍ഡ്സിലുള്ള റോയല്‍ ആല്‍ബെര്‍ട്‌സ് പാലസില്‍ നടക്കും. കേരളത്തില്‍ നിന്നെത്തുന്ന അങ്കമാലി എം എല്‍ എ റോജി എം ജോണ്‍ സമ്മേളനത്തില്‍ മുഖ്യാതിഥിയായിരിക്കും. ന്യു യോര്‍ക്ക് കോണ്‍സല്‍ ജനറല്‍ ബിനയ ശ്രീകാന്ത പ്രധാന്‍ ഗസ്റ്റ് ഓഫ് ഹോണറും ഹ്യൂസ്റ്റനില്‍ നിന്നുള്ള ജഡ്ജ് ജൂലി മാത്യു അതിഥിയുമായിരിക്കും.

ഫ്‌ലോറിഡയില്‍ നടന്ന പത്താം അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ വച്ച് അധികാര കൈമാറ്റത്തിന്റെ സൂചനയായി പ്രസിഡന്റ് സുനില്‍ തൈമറ്റം ദീപനാളം ഇപ്പോഴത്തെ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാറിനു കൈമാറിയിരുന്നു. ഔദ്യോഗികമായി പ്രവര്‍ത്തനോദ്ഘാടനം നടക്കുന്ന ചടങ്ങാണ് മാര്‍ച്ച് ഒന്നിന് നടക്കുന്നത്. പ്രസ് ക്‌ളബ്ബിന്റെ അടുത്ത രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിക്കുകയും മാധ്യമരംഗത്തെ പുതിയ ചലനങ്ങളും സാമൂഹിക മാറ്റങ്ങളും സംബന്ധിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് സമ്മേളനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഐ പി സി എന്‍ എ നാഷണല്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍, സെക്രട്ടറി ഷിജോ പൗലോസ്എ, ട്രെഷറര്‍ വിശാഖ് ചെറിയാന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.

അമേരിക്കയിലെങ്ങുനിന്നുമുള്ള മാധ്യമപ്രവര്‍ത്തകരും സാമൂഹിക സാംസ്‌കാരിക നേതാക്കളും, സംഘടനാനേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും എന്ന് വൈസ് പ്രസിഡന്റ് അനില്‍ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറര്‍ റോയ് മുളകുന്നം എന്നിവര്‍ അറിയിച്ചു. പ്രസ് ക്ലബിന്റെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ആതിഥ്യമരുളുന്ന സമ്മേളനം പ്രൗഢോജ്വലമാക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ചാപ്റ്റര്‍ പ്രസിഡന്റ് ഷോളി കുമ്പിളുവേലില്‍ സെക്രട്ടറി ജോജോ കൊട്ടാരക്കര, ട്രെഷറര്‍ ബിനു തോമസ് എന്നിവര്‍ അറിയിച്ചു. വൈസ് പ്രസിഡന്റ് മൊയ്ദീന്‍ പുത്തന്‍ചിറ, ജോയിന്റ് സെക്രട്ടറി മാനുവല്‍ ജേക്കബ് കൂടാതെ എല്ലാ ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ അംഗങ്ങളും ചടങ്ങിന്റെ നടത്തിപ്പിനായി കൂടെയുണ്ട്.

ഉദ്ഘാടന സമ്മേളനത്തില്‍ ഐ പി സി എന്‍ എ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ തൈമറ്റം, മറ്റ് അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചാപ്റ്റര്‍ ഭാരവാഹികള്‍, എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തിലേക്ക് ഏവരെയും ട്രഷറര്‍ വിശാഖ് ചെറിയാന്‍ സ്വാഗതം ചെയ്തു. കോണ്‍ഗ്രസില്‍ നിന്നുള്ള യുവ എം.എല്‍.എ . ആയ റോജി ജോണ്‍, 2016 ല്‍ അങ്കമാലിയില്‍ നിന്ന് കേരള നിയമസഭയിലെ അംഗമായി. 2021 ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അദ്ധേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ വിദ്യാര്‍ത്ഥി വിഭാഗമായ NSUI യുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എ.ഐ.സി.സി സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. അദ്ദേഹം ഐ പി സി എന്‍ എ പ്രവര്‍ത്തനങ്ങളില്‍ എക്കാലവും ഭാഗമായിട്ടുണ്ട്.

ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലെ 2002 ബാച്ചിലെ അംഗമാണ് ന്യു യോര്‍ക്കില്‍ പുതുതായി ചാര്‍ജെടുത്ത ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ബിനയ ശ്രീകാന്ത പ്രധാന്‍. ഇംഗ്ലീഷ്, റഷ്യന്‍, ഹിന്ദി, ഒഡിയ ഭാഷകള്‍ സംസാരിക്കുന്നു. മോസ്‌കോയില്‍ ഇന്ത്യന്‍ എംബസിയില്‍ ഡെപ്യുട്ടി ചീഫ് ഓഫ് മിഷന്‍, ടാന്‍സാനിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍, ഈസ്റ്റ് ആഫ്രിക്കന്‍ കമ്മ്യൂണിറ്റിയുടെ (ഇഎസി) സ്ഥിരം പ്രതിനിധി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ഈ കാലയളവില്‍ ഇന്ത്യ-ടാന്‍സാനിയ ബന്ധം ‘സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ്’ ആയി ഉയര്‍ത്തപ്പെടുകയും ടാന്‍സാനിയയിലെ സാന്‍സിബാറില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT) മദ്രാസിന്റെ ആദ്യത്തെ വിദേശ കാമ്പസ് സ്ഥാപിക്കുകയും ചെയ്തു. കോണ്‍സല്‍ ജനറല്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ സമൂഹം ഉറ്റുനോക്കുന്നു.

ജഡ്ജി ജൂലി എ. മാത്യു ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി കോര്‍ട്ട് അറ്റ് ലോ -3 യില്‍ പ്രിസൈഡിംഗ് ജഡ്ജിയായി രണ്ടാം തവണയാണ് തെരഞ്ഞെടുക്കപ്പെട്ടത് . ക്രിമിനല്‍, സിവില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന അവര്‍ അവര്‍ കൗണ്ടിയിലെ ജുവനൈല്‍ ഇന്റര്‍വെന്‍ഷന്‍ ആന്‍ഡ് മെന്റല്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റി കോടതി സ്ഥാപിക്കുകയും അതിനെ നയിക്കുകയും ചെയ്യുന്നു. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഏഷ്യന്‍ അമേരിക്കക്കാരിയും യുഎസിലെ ജുഡീഷ്യല്‍ ബെഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ അമേരിക്കന്‍ വനിതയുമാണ്. പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും ഡെലവെയര്‍ ലോ സ്‌കൂളില്‍ നിന്ന് ജൂറിസ് ഡോക്ടറേറ്റും നേടിയ അവര്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ലിറ്ററസി കൗണ്‍സിലിന്റെയും ഇന്ത്യ കള്‍ച്ചര്‍ സെന്ററിന്റെയും ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here