ന്യൂഡല്‍ഹി: നിര്‍ണായക നീക്കങ്ങള്‍ക്കൊടുവില്‍ മദ്യ നയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. അറസ്റ്റില്‍ നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കെജ്രിവാളിന്റെ വീട്ടില്‍ സെര്‍ച്ച് വാറന്റുമായി 12 അംഗ എന്‍ഫോഴ്സ്മെന്റ് സംഘമെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ഇഡി കസ്റ്റഡിയിലെടുത്തു. കെജ്രിവാളിനെ നാളെ പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കും. ഇ ഡി ആസ്ഥാനത്ത് വൈദ്യപരിശോധന നടത്തും. അറസ്റ്റിനെതിരെ ആം ആദ്മി പാര്‍ട്ടി സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജി ഇന്ന് രാത്രി തന്നെ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുമെന്ന് എഎപി മന്ത്രി അതിഷി മാര്‍ലെന വ്യക്തമാക്കി.

അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചാലും അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലില്‍ കിടന്ന് രാജ്യ തലസ്ഥാനം ഭരിക്കുമെന്നും എഎപി നേതാവും മന്ത്രിയുമായ അതിഷി വ്യക്തമാക്കി. ഡല്‍ഹിയുടെ മുഖ്യമന്ത്രി പദത്തില്‍ കെജ്രിവാള്‍ തുടരും. സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. തങ്ങളുടെ അഭിഭാഷകര്‍ കോടതിയിലേക്ക് എത്തുന്നു. രാത്രി തന്നെ അടിയന്തരമായി വാദം കേള്‍ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അതിഷി വ്യക്തമാക്കി.

അതേസമയം കെജ്‌രിവാളിന്റെ അറസ്റ്റിനെതിരായ ഹര്‍ജി ഇന്ന് അര്‍ധരാത്രി പരിഗണിക്കില്ല. ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. കെജ്‌രിവാളിനെ വീട്ടില്‍ നിന്ന് ഇ ഡി ഓഫീസിലേക്ക് കൊണ്ടുപോയി. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കെജ്രിവാളിന്റെ വസതിക്ക് മുന്നില്‍ വന്‍ പ്രതിഷേധം. എംഎല്‍എ അടക്കം 24 ഓളം ആപ്പ് പ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here