മഹാരാഷ്ട്ര: മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീലിന്റെ മരുമകള്‍ അര്‍ച്ചന പാട്ടീല്‍ ചകുര്‍ക്കര്‍ ബിജെപിയില്‍ ചേര്‍ന്നു. ശനിയാഴ്ച മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും മറ്റ് പാര്‍ട്ടി നേതാക്കളുടെയും സാന്നിധ്യത്തിലാണ് അര്‍ച്ചന പാട്ടീല്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്.

‘കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും ലോക്സഭാ സ്പീക്കറും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീലിന്റെ കുടുംബത്തില്‍ നിന്ന് ഒരാള്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ ചേരുന്നത് ഞങ്ങള്‍ക്ക് സന്തോഷമുള്ള കാര്യമാണ്. ഇത് പാര്‍ട്ടിയെ ശക്തിപ്പെടുത്തു’മെന്ന് മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. അര്‍ച്ചന പാട്ടീല്‍ ചകുര്‍ക്കര്‍ ഉദ്ഗീറിലെ ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ചെയര്‍പേഴ്‌സണും ഭര്‍ത്താവ് ശൈലേഷ് പാട്ടീല്‍ ചകുര്‍ക്കര്‍ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമാണ്.

1991-1996 ലോക്സഭാ സ്പീക്കറായി സേവനമനുഷ്ഠിച്ചിട്ടുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ് ശിവരാജ് പാട്ടീല്‍. 2004 മുതല്‍ 2008 വരെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 192 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണ സമയത്ത് പാട്ടീല്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു. ആക്രമണത്തെ തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളില്‍ അദ്ദേഹം സ്ഥാനം രാജിവച്ചു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ മുന്‍ വര്‍ക്കിംഗ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ ബസവരാജ് പാട്ടീല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. മഹാരാഷ്ട്രയില്‍ 48 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. ഏപ്രില്‍ 19 മുതല്‍ അഞ്ച് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here