ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ആറാം തവണയും ജയലളിത അധികാരമേറ്റു. മദ്രാസ് സർവകലാശാലാ സെന്റിനറി ഹാളിൽ നടന്ന ചടങ്ങിൽ ജയലളിതയ്ക്കൊപ്പം28 മന്ത്രിമാർക്കും ഗവർണർ കെ.റോസയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു എല്ലാവരുടേയും സത്യപ്രതിജ്ഞ. ധനകാര്യ മന്ത്രി പനീർശെൽവം അടക്കം മുൻ മന്ത്രിസഭയിലെ 15 മന്ത്രിമാരെ ജയലളിത ഈ മന്ത്രിസഭയിലും നിലനിറുത്തി. മൂന്ന് വനിതകളടക്കം 13 പേർ പുതുമുഖങ്ങളാണ്. തുടർച്ചയായ രണ്ടാം തവണയാണ് ജയലളിത തമിഴ്നാട്ടിൽ അധികാരത്തിൽ എത്തുന്നത്. ജയലളിതയുടെ ചിരവൈരികളായ ഡി.എം.കെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തത് വേറിട്ട കാഴ്‌ചയായി. സാധാരണ പ്രതിപക്ഷം ചടങ്ങുകളിൽ നിന്ന് വിട്ടു നിൽക്കുകയാണ് പതിവ്.

കേന്ദ്ര മന്ത്രിമാരായ വെങ്കയ്യ നായിഡു, പൊൻ രാധാകൃഷ്‌ണൻ, ലോക്‌സഭ ഡെപ്യൂട്ടി സ്‌പീക്കറും അണ്ണാ ഡി.എം.കെയുടെ മുതിർന്ന നേതാവുായ എം.തന്പിദുരൈ, ജയലളിതയുടെ തോഴി ശശികല തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. ജയലളിതയ്ക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങിയ സിനിമാതാരങ്ങളും ചടങ്ങിനെത്തി. ഡി.എം.കെ ട്രഷറർ എം.കെ.സ്‌റ്റാലിൻ, ഡി.എം.കെ മുൻ മന്ത്രിമാരായ ഇ.വി.വേലു, പൊന്മുടി, എം.എൽ.എമാരായ ശേഖർ ബാബു, വാഗൈ ചന്ദ്രശേഖർ, കുക സെൽവ തുടങ്ങിയവരും ചടങ്ങിനെത്തി. രാഷ്ട്രീയ ശത്രുക്കളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പതിറ്റാണ്ടുകളായി ഇരു പാർട്ടികളും പരസ്‌പരം പങ്കെടുക്കാറില്ലായിരുന്നു.

ജയലളിത സത്യവാചകം ചൊല്ലിയപ്പോഴും രേഖകളിൽ ഒപ്പുവച്ചപ്പോഴും പുരട്‌ച്ചി തലൈവി അമ്മാ വാഴ്കെ എന്ന് അണികൾ മുദ്രാവാക്യം മുഴക്കി. തന്റെ പതിവ് വേഷമായ പച്ച സാരി അണിഞ്ഞായിരുന്നു ജയലളിത സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങ് ജനങ്ങൾക്ക് കാണുന്നതിനായി സംസ്ഥാനത്തിന്റെ പലയിടത്തും വലിയ എൽ.ഇ.ഡി സ്ക്രീനുകൾ സജ്ജീകരിച്ചിരുന്നു. ഏതാണ്ട് അര മണിക്കൂറിൽ താഴെ സമയം മാത്രമാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നീണ്ടത്.

രാവിലെ 11.45ന് വീട്ടിൽ നിന്ന് ഇറങ്ങിയ ജയലളിത 12 മണിയോടെ മദ്രാസ് യൂണിവേഴ്‌സിറ്റിയിലെത്തി. ജയലളിതയുടെ വാഹനവ്യൂഹം കടന്നു പോയ വഴിയുടെ ഇരുവശങ്ങളിലും ആയിരക്കണക്കിന് എ.ഡി.എം.കെ പ്രവർത്തകരാണ് കാത്തു നിന്നത്. നാദസ്വരം, ചെണ്ടമേളം തുടങ്ങിയവയും ചടങ്ങിന് കൊഴുപ്പേകി. മധുരം വിതരണം ചെയ്താണ് ജയലളിതയുടെ സത്യപ്രതിജ്ഞ അണികൾ ആഘോഷിച്ചത്.

മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ ജയലളിത തമിഴ്‌നാട്ടിലെ 500 മദ്യവില്‍പ്പനശാലകള്‍ പൂട്ടിച്ചു. കൂടാതെ ശേഷിക്കുന്ന ടാസ്മാക്കുകളുടെ പ്രവര്‍ത്തനസമയം പത്ത് മണിക്കൂറായി നിജപ്പെടുത്തുകയും ചെയ്തു.

സംസ്ഥാനത്ത് ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന് ജയലളിതയുടെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. ഇതിന്റെ ആദ്യഘട്ട നടപടിയാണ് സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെയുണ്ടായത്. രാവിലെ പത്ത് മുതല്‍ രാത്രി വരെ പ്രവര്‍ത്തിച്ചിരുന്ന ടാസ്മാക്കുകള്‍ ഇനിമുതല്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി പത്ത് വരെയാകും പ്രവര്‍ത്തിക്കുക.

6720 മദ്യവില്‍പ്പനശാലകളായിരുന്നു തമിഴ്‌നാട്ടിലുണ്ടായിരുന്നത്. 500 എണ്ണം അടച്ചുപൂട്ടിയതോടെ ഇവയുടെ എണ്ണം 6220 ആയി കുറഞ്ഞു. ഇതിന് പുറമെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്ന അഞ്ച് ക്ഷേമ പദ്ധതികള്‍ക്ക് കൂടി അവര്‍ ഒപ്പുവെച്ചു.

ചുമതലയേറ്റ് മിനിട്ടുകൾക്കകം തന്നെ ജയലളിത താൻ തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിന് തുടക്കം കുറിച്ചു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സെക്രട്ടേറിയറ്റ് സ്ഥിതി ചെയ്യുന്ന ഫോർട്ട് സെന്റ് ജോർജിലെത്തിയ ജയലളിത തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പാലിച്ചു കൊണ്ടുള്ള ഫയലിലാണ് ആദ്യം ഒപ്പുവച്ചത്. ഈ വർഷം മാർച്ച് 31വരെ സഹകരണ ബാങ്കിൽ നിന്ന് എടുത്തിട്ടുള്ള കാർഷിക വായ്‌പകൾ എഴുതിത്തള്ളുകയും ഗാർഹിക ഉപഭോക്താക്കൾക്ക് നൂറ് യൂണിറ്റ് സൗജന്യ വൈദ്യുതി അനുവദിക്കുകയും ചെയ്തു.

വായ്‌പകൾ എഴുതിത്തള്ളിയതിലൂടെ 5780 കോടിയുടെ അധിക ബാദ്ധ്യതയാണ് സർക്കാരിനുണ്ടാവുക. ഇന്നു മുതൽ ഗാർഹിക ഉപഭോക്താക്കൾക്ക് 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കും. വൈദ്യുതി ബോർഡിന് ലഭിക്കേണ്ട ഈ 1607 കോടി രൂപ സർക്കാർ നൽകും. ‘സർക്കാരിന്റെ താലിക്ക് തങ്കം സ്കീം’ (മംഗല്യസൂത്ര) വഴി സ്ത്രീകൾക്കായി നീക്കി വയ്ക്കുന്ന സ്വർണത്തിന്റെ അളവ് നാല് ഗ്രാമിൽ നിന്ന് ഒരു പവനായി ഉയർത്തി. ഇതു കൂടാതെ സാന്പത്തിക സഹായമായി 25,000 മുതൽ 50,000 രൂപ വരെയും ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here