കൊച്ചി: പെരുന്പാവൂർ ജിഷ വധക്കേസിൽ പിടിയിലായ ആസാം സ്വദേശി അമി ഉൾ ഇസ്ളാമിനെ ജിഷയുടെ അയൽവാസിയായ സ്ത്രീ തിരിച്ചറിഞ്ഞു. കാക്കനാട് ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് ശ്രീലേഖ എന്ന വീട്ടമ്മ അമിയെ തിരിച്ചറിഞ്ഞത്. ജിഷയെ കൊലപ്പെടുത്തിയ ശേഷം വീടിന് സമീപത്തെ മരത്തിൽ പിടിച്ച് കനാലിലേക്ക് അമി ഇറങ്ങുന്നത് കണ്ടു എന്നാണ് ശ്രീലേഖ കുന്നുംപുറം മജിസ്ട്രേട്ട് ഷിബു ഡാനിയൽ മുന്പാകെ മൊഴി നൽകിയത്.

ഒരു മണിക്കൂറോളം നീണ്ടു നിന്നതായിരുന്നു തിരിച്ചറിയൽ പരേഡ്. ഭർത്താവ് സുരേഷിനൊപ്പമായിരുന്നു ശ്രീലേഖ തിരിച്ചറിയിൽ പരേഡിനായി എത്തിയത്. കൊലപാതകം നടന്ന ഏപ്രിൽ 28ന് കണ്ട അതേ ആളാണ് തനിക്ക് മുന്നിൽ നിൽക്കുന്ന അമി ഉൾ ഇസ്ലാമെന്നും അന്ന് മഞ്ഞ ഷർട്ടാണ് പ്രതി ധരിച്ചിരുന്നതെന്നും ശ്രീലേഖ പറഞ്ഞു.

അമിക്കൊപ്പം താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളേയും തിരിച്ചറിയിൽ പരേഡിനായി എത്തിച്ചിരുന്നു. ഇവരെ കൂടാതെ എഴു പേർക്ക് സമൻസ് നൽകിയിരുന്നുവെങ്കിലും ഒരാൾ മാത്രമാണ് തിരിച്ചറിയൽ പരേഡിന് എത്തിയത്. പ്രതിയെ മാദ്ധ്യമങ്ങൾക്കു മുമ്പിൽ പ്രദർശിപ്പിക്കാതിരുന്നത് തന്നെ ഈ തിരിച്ചറിയൽ പരേഡ് പൂർത്തിയാകുന്നതിനു വേണ്ടിയായിരുന്നു. സമൻസ് നൽകിയിരുന്നവരിൽ ജിഷയുടെ സമീപവാസികളായ മൂന്ന് പേരും പ്രതി ചെരുപ്പ് വാങ്ങിയ കടക്കാരനും ഉൾപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here